എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് സർക്കാർ ശുപാർശ ചെയ്തേക്കും. പോലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് ആരോപിക്കുന്ന കുടുംബത്തിന്‍റെ ആവശ്യപ്രകാരമാണ് ഈ നീക്കം. പോലീസ് നേരത്തെ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണം സിബിഐ അന്വേഷണം ശുപാർശ ചെയ്തുള്ള സർക്കാർ ഉത്തരവ് ഇന്നിറങ്ങിയേക്കും. നവീൻ ബാബുവിന്റെ കുടുംബത്തിന്‍റെ ആവശ്യപ്രകാരമാണ് സർക്കാർ തീരുമാനം. ശുപാർശയിൽ സിബിഐ നിലപാട് നിർണായകമാകും. അതേസമയം, കേസന്വേഷണത്തിന് സിബിഐ വരുന്നതിൽ സിപിഎം എതിര്‍പ്പ് അറിയിച്ചു. എന്നാൽ, സത്യം തെളിയണമെന്നാണ് നവീൻ ബാബുവിന്‍റെ കുടുംബം ആവശ്യപ്പെടുന്നത്. പൊലീസ് അന്വേഷണത്തിൽ വീഴ്ചയെന്നും കുടുംബം ആരോപിച്ചു. യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്. പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പി പി ദിവ്യയാണ് ഏക പ്രതി. ഇനി സിബിഐയാണ് കേസില്‍ തീരുമാനമെടുക്കേണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

13 സാക്ഷികളെ പുതുതായി ചേർത്ത് എഡിഎം നവീൻ ബാബു കേസിൽ തുടരന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കണ്ണൂർ ടൗൺ പോലീസ് തുടരന്വേഷണം നടത്തി വിചാരണ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കേസ് നീട്ടിക്കൊണ്ടു പോകാനുള്ള നീക്കമാണ് നവീൻ ബാബുവിന്റെ കുടുംബം നടത്തുന്നതെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്. കഴിഞ്ഞ മെയ് 16 നാണ് ഹർജിയിൽ പറഞ്ഞ നാല് കാര്യങ്ങളിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.

ഇതിൽ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ ബാങ്ക് വിവരങ്ങൾ അന്വേഷണം പരിശോധിച്ചു. കൊയ്യം സർവീസ് സഹകരണ ബാങ്കിൽ സ്വർണം പണയം വെച്ച്, പണം വായ്പ എടുത്തതിന്റെ രേഖകൾ റിപ്പോർട്ടിനൊപ്പമുണ്ട്. എഡിഎമ്മിന്റെ ക്വാർട്ടേഴ്സിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ പൂർണ രൂപവും ഹാജരാക്കി.

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം; തീരുമാനം ഇന്ന്?