Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പിന് മാത്രം വീടുകളിൽ ചെന്നാൽ ആരും തിരിഞ്ഞ് നോക്കില്ല, ഗ്രൂപ്പ് വൈരത്തിൽ തിരുത്തൽ വേണം: അടൂർ പ്രകാശ്

അമിത ആത്മവിശ്വാസം കൈവെടിഞ്ഞ് അധ്വാനിക്കാന്‍ തയ്യാറാകണം; അധ്വാനത്തിന് ഫലം ഉണ്ടാകും. ജനവിരുദ്ധ സര്‍ക്കാരിനെ തറപറ്റിക്കാന്‍ സുവര്‍ണ്ണ അവസരമാണ് മുന്നിലുള്ളതെന്നും അടൂർ പ്രകാശ്

Adoor prakash facebook post on congress lead UDF defeat in local body election
Author
Thiruvananthapuram, First Published Dec 24, 2020, 5:10 PM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മാത്രം വീടുകളിൽ ചെന്നാൽ ആരും തിരിഞ്ഞ് നോക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് എംപി. തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. യുഡിഎഫിന്റെ വിജയം പ്രതീക്ഷിച്ചിരുന്ന ജനാധിപത്യ വിശ്വാസികൾക്ക് ഇത് തിരിച്ചടിയായെന്നും അദ്ദേഹം കുറിച്ചു.

ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ യുഡിഎഫിനു കഴിഞ്ഞില്ല എന്നത് ഒരു യാഥാർഥ്യമാണ്. പലേടത്തും അപ്രതീക്ഷിത തിരിച്ചടികള്‍ ഉണ്ടായി. യുഡിഎഫിന്റെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്ന വലിയൊരു വിഭാഗം ജനാധിപത്യ വിശ്വാസികളായ ജനങ്ങള്‍ക്ക് ഈ തിരിച്ചടി #വേദനാജനകമാണ്. സര്‍ക്കാരിലും ഇടതുപക്ഷ പാര്‍ട്ടികളിലും ഉള്ളവര്‍ പോലും ഇപ്പോള്‍ LDFനു കിട്ടിയ വിജയം ഒരു തരത്തിലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണു വാസ്തവം.

ഈ സാഹചര്യത്തില്‍ യുഡിഎഫിനു നേതൃത്വം നൽകുന്ന #കോണ്‍ഗ്രസ് നേതൃത്വം ആത്മ പരിശോധനയ്ക്ക് തയ്യാറാകേണ്ടതുണ്ട്. എന്തൊക്കെയാണ് പാളിച്ചകള്‍?  പോരായ്മകള്‍? സ്വന്തം ദൗര്‍ബല്യങ്ങള്‍? ഇവയൊക്കെ  തിരുത്തിയാവണം ഇനിയുള്ള ചുവട് വെക്കേണ്ടത്. അതിനുള്ള സന്നദ്ധത നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തകരും പ്രകടിപ്പിക്കണം എന്നാണെന്റെ അഭിപ്രായം. 
നമ്മുടെ ഓരോ പ്രദേശങ്ങളിലുള്ള സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതവുമായി  നാം എത്രത്തോളം #ഇടപെടുന്നുണ്ട്? പ്രാദേശിക പ്രശ്‌നങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെട്ട് അവയ്ക്ക്  പരിഹാരമുണ്ടാക്കാന്‍ #ശ്രമിച്ചിട്ടുണ്ടോ? അയല്‍വാസികളെ #അന്വേഷിക്കാറുണ്ടോ? അപരിചിതരെ #പരിചയപ്പെടാറുണ്ടോ? പൊതു വിഷയങ്ങളില്‍ #പ്രതികരിക്കാറുണ്ടോ? ഇത്തരം നിരവധി ചോദ്യങ്ങള്‍ സ്വയം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

#തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം വോട്ട് തേടി വീടുകളിൽ  ചെന്നാല്‍ ആരും തിരിഞ്ഞു നോക്കില്ലെന്നു മനസിലാക്കാന്‍ നമുക്ക് ഓരോരുത്തർക്കും  ബാധ്യതയുണ്ട്. 

#ഗ്രൂപ്പ് ബന്ധങ്ങള്‍ക്കപ്പുറത്ത് ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്കെതിരെ ഗ്രൂപ്പ് വൈരം   സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ ഇനിയെങ്കിലും അതില്‍ #തിരുത്തൽ വരുത്തണം. പാര്‍ട്ടി ഉണ്ടെങ്കിലേ ഗ്രൂപ്പുള്ളു; മികച്ച സ്ഥാനാര്‍ത്ഥി ഉണ്ടെങ്കിലെ #വിജയമുള്ളു.

തെരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണണം. പക്ഷപാതരഹിതമായി ചര്‍ച്ചകള്‍ നടത്തി തിരുത്തല്‍ നടപടികള്‍ നിര്‍ദ്ദേശിക്കണം. അത് നിര്‍ദ്ദേശിച്ചാല്‍ മാത്രം പോര, #നടപ്പിലാക്കണം. നടപ്പിലായെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉത്തരവാദിത്വമുണ്ട്. പതിവ് കുറ്റപ്പെടുത്തല്‍കൊണ്ട് കാര്യമില്ല. പരസ്പരം #ചെളിവാരി എറിഞ്ഞിട്ടും കാര്യമില്ല. തെറ്റ് ബോധ്യപ്പെട്ടാല്‍ അംഗീകരിക്കുക; ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുക. ഇനിയും സമയമുണ്ട്. വൈകരുത്. #വൈകിയാൽ വലിയ വില കൊടുക്കേണ്ടി വരും. 

അമിത ആത്മവിശ്വാസം കൈവെടിഞ്ഞ് അധ്വാനിക്കാന്‍ തയ്യാറാകണം; അധ്വാനത്തിന് ഫലം ഉണ്ടാകും. ജനവിരുദ്ധ സര്‍ക്കാരിനെ തറപറ്റിക്കാന്‍ സുവര്‍ണ്ണ അവസരമാണ് മുന്നിലുള്ളത്. 

#NoPainNoGain എന്നു തിരിച്ചറിയാന്‍ നമുക്കോരുത്തര്‍ക്കും ബാധ്യതയുണ്ട്.

Follow Us:
Download App:
  • android
  • ios