Asianet News MalayalamAsianet News Malayalam

31 ദിവസം മോ‍ർച്ചറിയിൽ: പ്രതിഷേധങ്ങൾക്കൊടുവിൽ അന്നമ്മയുടെ സംസ്കാരം ഇന്ന്

സംസ്കാരം നടത്തുകയില്ലെന്ന് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. പ്രതിഷേധക്കാരിൽ ഒരാൾ സെമിത്തേരിക്കടുത്തുള്ള മരത്തിൽ കയറി ഭീഷണി മുഴക്കുകയാണ് 

after one month of death, funeral of annanmma is today
Author
Kollam, First Published Jun 13, 2019, 8:47 AM IST

കൊല്ലം: പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കാൻ കഴിയാതിരുന്ന അന്നമ്മയുടെ സംസ്കാരം ഇന്ന്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ട് ഇന്ന് മുപ്പത്തിയൊന്നാമത്തെ ദിവസമാണ്. സംസ്കാരം നടത്തുകയില്ലെന്ന് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. പ്രതിഷേധക്കാരിൽ ഒരാൾ സെമിത്തേരിക്കടുത്തുള്ള മരത്തിൽ കയറി ഭീഷണി മുഴക്കുന്നുണ്ട്. 

സെമിത്തേരിയിൽ സംസ്കാരം നടത്തിയാൽ അടുത്തുള്ള വീടുകളിലെ കിണറുകൾ മലിനമാകുമെന്നാരോപിച്ചാണ് നാട്ടുകാർ അന്നമ്മയുടെ സംസ്കാരം തടഞ്ഞത്. ഇപ്പോൾ പ്രത്യേകമായി പണിത കോൺക്രീറ്റ് കല്ലറയിലാണ് അന്നമ്മയെ സംസ്കരിക്കുന്നത്. ഇന്ന് രാവിലെയാണ് സംസ്കാരം നടക്കുക. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണുള്ളത്. 

ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട അന്നമ്മ മെയ് 13 നാണ് മരിച്ചത്. ഇടവകയിലെ ജെറുസലേം മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കാൻ അന്നമ്മയുടെ മൃതദേഹം എത്തിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. 80 വര്‍ഷം പഴക്കമുള്ള സെമിത്തേരി നാശാവസ്ഥയിലായതിനാല്‍ സംസ്കാരം നടത്തുമ്പോള്‍ മാലിന്യം പുറത്തേക്കെത്തുമെന്നായിരുന്നു നാട്ടുകാരുടെ പരാതി. 

തര്‍ക്കത്തെ തുടര്‍ന്ന് മൃതദേഹം സംസ്കാരിക്കാന്‍ സാധിക്കാതെ വന്നതോടെ ബന്ധുക്കള്‍ അന്നമ്മയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നോ നാളെയോ തീരുമാനമാകുമെന്ന് കരുതിയ പ്രശ്നത്തിന് പരിഹാരം കാണാതെ വന്നതോടെയാണ് അന്നമ്മയുടെ മൃതദേഹം ഒരു മാസം മോര്‍ച്ചറിയില്‍ കിടക്കേണ്ടി വന്നത്. 

ഒടുവില്‍ പ്രശ്നം ജില്ലാ കളക്ടര്‍ക്ക് മുന്നിലെത്തിയതോടെയാണ് ഒത്തുതീര്‍പ്പിനുള്ള വഴി തെളിഞ്ഞത്. കല്ലറ കോണ്‍ക്രീറ്റ് ചെയ്ത് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ സംസ്കാരം നടത്തുന്നതില്‍ കുഴപ്പമില്ലെന്ന് ആരോഗ്യവിഭാഗം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍,. അറ്റകുറ്റപ്പണി വൈകാൻ സാധ്യതയുള്ളതിനാല്‍ രണ്ട് നിര്‍ദേശങ്ങള്‍ കളക്ടര്‍ മുന്നോട്ട് വച്ചു. ഇതേ ഇടവകയിലെ തൊട്ടടുത്ത ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്താം. അല്ലെങ്കില്‍ അറ്റകുറ്റപ്പണി നടത്തി തുരുത്തിക്കരപ്പള്ളിയില്‍ തന്നെ സംസ്കരിക്കാം.

രണ്ടാമത്തെ നിര്‍ദേശം അന്നമ്മയുടെ ബന്ധുക്കള്‍ അംഗീകരിച്ചു. ഇതോടെ പള്ളി അധികൃതര്‍ അറ്റകുറ്റപ്പണി തുടങ്ങി. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ മാത്രമേ കല്ലറ തുറന്ന് അറ്റകുറ്റപ്പണി നടത്താവൂ എന്ന കളക്ടറുടെ നിര്‍ദേശം പള്ളി അധികൃതര്‍ പാലിച്ചില്ല. തുടര്‍ന്ന് പൊലീസെത്തി അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവയ്പ്പിച്ചു. തഹസില്‍ദാരുടെയും പൊലീസിന്‍റെയും സാന്നിധ്യത്തില്‍ വീണ്ടും കല്ലറയില്‍ കോണ്‍ക്രീറ്റ് നടത്തുകയായിരുന്നു. 

മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മൃതദേഹം സംസ്കരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കല്ലറ കോണ്‍ക്രീറ്റ് ചെയ്ത ശേഷം പിന്നെയും 14 ദിവസം വരെ കാത്തിരിക്കണമെന്ന് താൻ പറഞ്ഞെന്ന വാര്‍ത്ത തെറ്റാണെന്നും പരാതിക്കാരില്‍ ഒരാളായ രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 2015-ല്‍ അന്നത്തെ കൊല്ലം കളക്ടര്‍ ഈ സെമിത്തേരിയില്‍ അറ്റകുറ്റപ്പണി ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നെങ്കിലും പള്ളി അധികൃതര്‍ ചെവിക്കൊണ്ടിരുന്നില്ല.
 

Follow Us:
Download App:
  • android
  • ios