138 കോടി രൂപ ചെലവിട്ടാണ് ബാരാപോള്‍ പദ്ധതി നടപ്പാക്കിയത്. 

കണ്ണൂര്‍: ബാരാപോൾ ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തില്‍ ക്രമക്കേട് നടന്നതായി ആരോപണം. യുഡിഎഫ് സർക്കാർ ഉദ്ഘാടനം ചെയ്ത പദ്ധതി കനാലിലെ ചോർച്ചയെ തുടർന്ന് ഇതുവരെ പൂർണതോതിൽ പ്രവർത്തിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സിപിഎം ഏരിയ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി. അതേസമയം പൈപ്പിങ് പ്രതിഭാസമാണ് ചോർച്ചക്ക് കാരണമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. 138 കോടി രൂപ ചെലവിട്ടാണ് ബാരാപോള്‍ പദ്ധതി നടപ്പാക്കിയത്. 

കരിങ്കല്‍ക്കെട്ടിനുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്താണ് വെള്ളം ഒഴുകി പോകാനുള്ള കനാല്‍ നിര്‍മ്മിച്ചിരിക്കുന്നത്. പക്ഷേ കനാലിന്‍റെ പകുതി ദൂരം വരെ മാത്രമേ ഇങ്ങനെയുള്ളൂ. ബാക്കി ദൂരം ഭിത്തിയില്‍ പ്ലാസ്റ്ററിംഗ് ചെയ്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ചെലവ് കുറഞ്ഞ രീതിയെന്ന നിലയിലാണ് ഇങ്ങനെ ചെയ്തതെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു. ഈ ഭാഗത്തെ നിർമ്മാണത്തിൽ ക്രമക്കേട് നടന്നതായാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. 

കനാലിന്‍റെ ഈ ഭാഗത്ത് ശക്തമായ ചോര്‍ച്ചയാണ് അനുഭവപ്പെടുന്നത്. മഴ പെയ്താൽ വീടുകളിൽ വെള്ളമെത്തും. പലയിടത്തും വിള്ളലുകൾ പുറത്തേക്ക് കാണാം. രണ്ട് തവണകളിലായുണ്ടായ മലവെള്ളപ്പാച്ചിലിൽ ചോർച്ച വലിയ ഭീഷണിയുണ്ടാക്കി. മലവെള്ളപ്പാച്ചിലിൽ സോളാർ പാനലുകളമടക്കവ തകർന്നു. കരിങ്കല്ലിൽ തീർത്ത സുരക്ഷാഭിത്തി പാടെ തകർന്ന് നിലം പൊത്തി. ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. 

2016ൽ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ വെള്ളമൊഴുക്ക് നിയന്ത്രിക്കേണ്ട ഷട്ടറുകൾക്കിടയിലൂടെയും ചോർച്ചയുണ്ട്. ഇവിടെ വെള്ളം പൂർണമായി നിയന്ത്രിച്ച് നിർത്താനാവില്ല. 3 ജനറേറ്ററുകളിലായി 15 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കേണ്ടിടത്ത് ഇപ്പോൾ പ്രവർത്തിക്കുന്നത് രണ്ടെണ്ണം മാത്രം. കേബിൾ തകരാറെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

ഇത്രയേറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിർമ്മാണത്തിലും യന്ത്രങ്ങളുടെ ഗുണനിലവാരത്തിലുമുള്ള പ്രശ്നങ്ങൾ അന്വേഷിക്കണമെന്ന് കാണിച്ച് സിപിഎം ഏരിയാ സെക്രട്ടറിയാണ് സർക്കാരിന് പരാതി നൽകിയത്. യുഡിഎഫ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയുള്ള ആരോപണങ്ങളെച്ചൊല്ലി സ്ഥലം എംഎൽഎ സണ്ണി ജോസഫുമായുണ്ടായ തർക്കം നിയമനടപടിയിൽ വരെ എത്തുകയും ചെയ്തു.