ആനകളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇരുവരിൽ നിന്നും വിശദീകരണം തേടിയിരുന്നു.
തൃശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ മര്‍ദ്ദിച്ച രണ്ട് പാപ്പാന്മാരെ മാറ്റിനിര്‍ത്താന്‍ നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി. ജയലളിത നടയ്ക്കിരുത്തിയ ആനയായ കൃഷ്ണ, കേശവന്‍ കുട്ടി എന്നീ ആനകളുടെ പാപ്പാന്മാരായ ശരത്, വാസു എന്നിവരെയാണ് അന്വേഷണ വിധേയമായി മാറ്റിനിര്‍ത്തുന്നത്. ഇരുവരും ആനകളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. രണ്ട് മാസത്തിനിടെ പല ദിവസങ്ങളിലായി ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകള്‍ക്ക് മര്‍ദ്ദനമേറ്റ വിവരം പുറത്തുവന്നത്. ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണ എന്ന ആനയും കേശവന്‍ കുട്ടി എന്ന ആനയുമായിരുന്നു ദൃശ്യങ്ങളിലുള്ളത്.
ശീവേലിപ്പറമ്പില്‍ കുളിപ്പിക്കുന്നതിനായി കൊണ്ടുവന്ന കൃഷ്ണ എന്ന ആനയെ കിടക്കാത്തതിനാണ് പാപ്പാന്‍ ശരത് മര്‍ദ്ദിച്ചത്. കേശവന്‍ കുട്ടിയെ പാപ്പാന്‍ വാസു തല്ലി എഴുന്നേല്‍പ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പുന്നത്തൂര്‍ ആനക്കോട്ടയിലെ ഡപ്യൂട്ടി അഡ്മിനിസ്ട്രറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കി.പിന്നാലെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പാപ്പാന്മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇരുവരെയും ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി. രാവിലെ ആനക്കോട്ടയിലെത്തി ഡോക്ടര്‍മാര്‍ ആനകളെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. അടുത്ത പതിമൂന്നിന് ചേരുന്ന ദേവസ്വം ഭരണ സമിതി യോഗം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുടെ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും. അതിനിടെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വനം മന്ത്രിയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

