ആഡംബര കാറിൽ മയക്കുമരുന്ന് കടത്തിയ കാസർഗോഡ് സ്വദേശി ഹനീഫിനെ കഴിഞ്ഞ ദിവസം അങ്കമാലിയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഒഡീഷ്യയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നത് അബ്ദുൾ ജബ്ബാറിന് വേണ്ടിയായിരുന്നു. ജബ്ബാർ പറഞ്ഞതനുസരിച്ചാണ് കാറുമായി ഒഡീഷയിലേക്ക് പോയത്.
കൊച്ചി: അങ്കമാലിയിൽ കഴിഞ്ഞ ദിവസം 62 കിലോ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് മയക്കു മരുന്ന് മാഫിയ തലവൻ അറസ്റ്റിൽ. നോർത്ത് പറവൂർ കരുമാലൂർ മാഞ്ഞാലി മക്കനായി ഭാഗത്ത് കൂവപ്പുറത്ത് വീട്ടിൽ അബ്ദുൽ ജബ്ബാർ (റൊണാൾഡൊ ജബ്ബാർ 46)നെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇടനിലക്കാരെ ഉപയോഗിച്ച് ഒഡീഷ പശ്ചിമ ബംഗാൾ ആസാം ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് വൻ വില്പന നടത്തുന്ന കേസിലെ മുഖ്യ കണ്ണിയാണ് ഇയാൾ എന്ന് പൊലീസ് പറഞ്ഞു. മയക്കു മരുന്ന് ഉൾപ്പടെ ഇരുപതോളം കേസിലെ പ്രതിയാണ്.
റൂറൽ ഡാൻസാഫ് ടീമിൻ്റെ 3 മാസം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് എറണാകുളം റൂറൽ പോലീസിന്‍റെ വലയിലായത്. ഒളിച്ചു താമസിക്കുകയായിരുന്ന ഈരാറ്റുപേട്ടയിലെ വാടക വീട് വളഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. ആഡംബര കാറിൽ മയക്കുമരുന്ന് കടത്തിയ കാസർഗോഡ് സ്വദേശി ഹനീഫിനെ കഴിഞ്ഞ ദിവസം അങ്കമാലിയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഒഡീഷ്യയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നത് അബ്ദുൾ ജബ്ബാറിന് വേണ്ടിയായിരുന്നു. ജബ്ബാർ പറഞ്ഞതനുസരിച്ചാണ് കാറുമായി ഒഡീഷയിലേക്ക് പോയത്. 31 പാക്കറ്റുകളിലായി കാറിൻ്റെ പിൻസീറ്റിലെ പ്രത്യേക അറയിലൊളിപ്പിച്ച് ഈരാറ്റുപേട്ടയിലെത്താക്കുകയായിരുന്നു ലക്ഷ്യം.
കടത്തുന്നതിനിടയിൽ അങ്കമാലി ടി ബി ജംഗ്ഷനിൽ വച്ച് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. കഞ്ചാവ് കടത്തുന്നതിനുപയോഗിച്ച പ്രതികളായ രണ്ടു പേരുടെ കാറും കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി ജെ.ഉമേഷ് കുമാർ ,ആലുവ ഡി വൈ എസ് പി ബാബുക്കുട്ടൻ എസ് ഐ മാരായ എം കെ ശ്യാം, ലാൻസി ദാസ്, കെ പി വിജു, എം എസ് വിജീഷ്, എ എസ് ഐ ടി ആർ രാജീവ്, സീനിയർ സി പി ഒ ജിബിൻ കൃഷ്ണ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


