വയനാട്: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മാനന്തവാടി തലപ്പുഴ കമ്പമലയിലാണ് മാവോയിസ്റ്റുകളെത്തിയത്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ്‌ പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മാവോയിസ്റ്റ് കബനി ദളത്തിലെ പ്രവർത്തകരാണ് എത്തിയതെന്നാണ് സൂചന. 

ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. പ്രദേശത്തെ തോട്ടം തൊഴിലാളികളോട് സംസാരിച്ച മാവോയിസ്റ്റുകള്‍ നോട്ടീസുകള്‍ വിതരണം ചെയ്യുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു. പ്രദേശത്ത് താമസിക്കുന്ന തമിഴ് വംശജരായ തൊഴിലാളികളുടെ പൗരത്വം റദ്ദാക്കാനാണ് പുതിയ നിയമത്തിലൂടെ കേന്ദ്ര സർക്കാറിന്‍റെ ഉദ്ദേശമെന്നും ഇതിനെതിരെ രംഗത്തിറങ്ങണമെന്നും പോസ്റ്ററില്‍ പറയുന്നു. പൗരത്വ രജിസ്റ്റർ നടപടിക്കായി എത്തുന്ന ഉദ്യോഗസ്ഥരെ കായികമായി നേരിടണമെന്നും പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

സിപിഐ മാവോയിസ്റ്റ് കബനി എന്നാണ് പോസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസും വനം വകുപ്പും തണ്ടര്‍ ബോര്‍ട്ടും പ്രദേശത്ത് തെരച്ചില്‍ നടത്തി.