ഡ്രിപ്പിടുന്ന മരുന്നുപോലും ആശുപത്രിയില്‍ ഇല്ല. വില കൂടിയ മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികൾ. മരുന്ന് വാങ്ങാനാകാതെ ചികിത്സ മുടങ്ങുമെന്നാണ് ആശങ്ക.

തിരുവനന്തപുരം: ആര്‍സിസിയില്‍ വീണ്ടും കടുത്ത മരുന്ന് ക്ഷാമം. ആരോഗ്യമന്ത്രി നിര്‍ദേശിച്ചിട്ടും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ മരുന്നുകൾ ഇതുവരെ എത്തിച്ചിട്ടില്ല. ഇതോടെ വില കൂടിയ മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങാനാകാത്തവര്‍ ചികിത്സ മുടങ്ങുമോ എന്ന ആശങ്കയിലായി. അതേസമയം അവശ്യ മരുന്നുകള്‍ എത്തിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവ ഉടനെത്തിക്കുമെന്നുമാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ്റെ വിശദീകരണം.

അര്‍ബുദ ചികിത്സയില്‍ ഉപയോഗിക്കുന്ന വില കൂടിയ മരുന്നുകളുടെ കാര്യം പോകട്ടെ അത്യാവശ്യഘട്ടങ്ങളിൽ ജീവൻ രക്ഷാ മരുന്നായി ഉപയോഗിക്കുന്ന സാദാ ക്ലിനിക്കുകളില്‍ പോലും കാണുന്ന സലൈൻ അഥവാ ഡ്രിപ്പ് ഇടുന്ന മരുന്ന് പോലും ആര്‍സിസിയില്‍ കിട്ടാനില്ല. കീമോതെറാപ്പിക്ക് ആവശ്യമായ മരുന്നുകൾക്കും കടുത്ത ക്ഷാമം. ഇതോടെ മരുന്നുകൾ പൊതുവിപണിയിൽ നിന്ന് വലിയ വില നല്‍കി വാങ്ങേണ്ട ഗതികേടിലായി രോഗികള്‍.

ജനുവരിയില്‍ ഇതേ പ്രശ്നം ഉണ്ടായപ്പോൾ ആരോഗ്യമന്ത്രി ഇടപെട്ടെങ്കിലും ഒന്നും നടന്നില്ല. ഇക്കാര്യം വ്യക്തമാക്കി ആര്‍ സി സി ആരോഗ്യവകുപ്പിന് നല്‍കിയ കത്തിലും നടപടിയില്ല. എന്നാല്‍ ആ‍‍ർ സി സി ആവശ്യപ്പെട്ട 173 മരുന്നുകളിൽ 41 മരുന്നുകള്‍ എത്തിച്ചെന്നാണ് കോര്‍പറേഷൻ്റെ വിശദീകരണം. ടെണ്ടര്‍ കിട്ടാത്ത മരുന്നുകൾക്ക് റീ ടെണ്ടര്‍ നൽകിയെന്നും മാര്‍ച്ച് 10 ന് മുമ്പ് ആ മരുന്നുകളും കൂടി എത്തിക്കുമെന്നും കോര്‍പറേഷൻ വിശദീകരിക്കുന്നു.