Asianet News MalayalamAsianet News Malayalam

ജോസഫ് - ജേക്കബ് വിഭാഗങ്ങള്‍ ലയിക്കുന്നു? ജോസ് വിഭാഗത്തെ ദുര്‍ബലപ്പെടുത്താന്‍ നീക്കം

ജോസഫും ജോസ് കെ മാണിയും തമ്മില്‍ തര്‍ക്കം രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് വിവിധ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെ ഒപ്പം ചേര്‍ത്ത് യുഡിഎഫിനുള്ളില്‍ കരുത്ത് തെളിയിക്കാന്‍ ജോസഫ് വിഭാഗം ശ്രമിക്കുന്നത്. 

again merger in kerala congress talks with joseph and jacob groups
Author
Kottayam, First Published Feb 5, 2020, 6:25 AM IST

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് മുമ്പ് പി ജെ ജോസഫിന്‍റെ നേതൃത്വത്തില്‍ വിവിധ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളുടെ ലയന നീക്കം സജീവമായി. ജേക്കബ് വിഭാഗത്തേയും ഇടത് മുന്നണിക്കൊപ്പമുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്നും ഫ്രാന്‍സിസ് ജോർജിനേയും ഒപ്പം നിര്‍ത്താനാണ് ജോസഫ് വിഭാഗം ശ്രമിക്കുന്നത്. യുഡിഎഫിലെ ജോസ് കെ മാണി വിഭാഗം കേരള കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ജോസഫ് വിഭാഗത്തിന്‍റെ ഈ നീക്കം.

ജോസഫും ജോസ് കെ മാണിയും തമ്മില്‍ തര്‍ക്കം രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് വിവിധ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെ ഒപ്പം ചേര്‍ത്ത് യുഡിഎഫിനുള്ളില്‍ കരുത്ത് തെളിയിക്കാന്‍ ജോസഫ് വിഭാഗം ശ്രമിക്കുന്നത്. പിറവം എംഎല്‍എയായ അനൂപ് ജേക്കബും ചെയര്‍മാന്‍ ജോണി നെല്ലൂരും ഉള്‍പ്പെടെയുള്ള ജേക്കബ് വിഭാഗവുമായി ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ച നടന്നു. അനൂപ് ജേക്കബ് കൂടി എത്തിയാല്‍ ജോസഫ് വിഭാഗത്തിന്‍റെ എംഎല്‍എമാരുടെ എണ്ണം നാലാകും. നിലവില്‍ ജോസ് കെ മാണിക്കൊപ്പം രണ്ട് എംഎല്‍എമാരാണുള്ളത്. അടുത്ത ദിവസം കോട്ടയത്ത് ചേരുന്ന ജേക്കബ് ഗ്രൂപ്പ് സംസ്ഥാന നേതൃയോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. 

എന്നാല്‍, ലയനത്തെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് അനൂപ് ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇടത് മുന്നണിക്കൊപ്പമുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്നും ഫ്രാന്‍സീസ് ജോര്‍ജിനെ മാത്രം അടര്‍ത്തി മാറ്റി ഒപ്പം നിര്‍ത്താനാണ് പി ജെ ജോസഫിന്‍റെ ശ്രമം. ഇക്കാര്യത്തിലും ചര്‍ച്ച അവസാന ഘട്ടത്തിലാണെന്നാണ് സൂചന. ലയനത്തിലൂടെ യുഡിഎഫിലെ ശക്തമായ കേരള കോണ്‍ഗ്രസ് വിഭാഗമായി മാറാനാണ് ജോസഫ് വിഭാഗത്തിന്‍റെ ലക്ഷ്യം. കുട്ടനാട് സീറ്റിന്‍റെ കാര്യത്തിലും ജോസ് കെ മാണി വിഭാഗത്തെ മറികടക്കാന്‍ ലയന നീക്കം ഗുണം ചെയ്യുമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ പ്രതീക്ഷ.

Follow Us:
Download App:
  • android
  • ios