തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിച്ച് വീണ്ടും ടൂറിസ്റ്റ് ബസുകളുടെ സമാന്തര സര്‍വീസ്. പതിനൊന്നാം വട്ടവും നിയമലംഘനത്തിന് പിടികൂടിയ കൈറോസ് ബസ് കസ്റ്റഡിയിലെടുക്കുന്നത് ജീവനക്കാര്‍ തടഞ്ഞു. തൊടുപുഴയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് സമാന്തര സര്‍വീസ് നടത്തിയ ജോഷ് എന്ന ബസും മോട്ടോർ വാഹനവകുപ്പ് പിടികൂടി.

കെയ്റോസ് എന്ന സ്ഥാപനത്തിന്‍റെ ബസ് നിയമലംഘനത്തിന് കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനൊന്നാം തവണയാണ് പിടിയിലാകുന്നത്. മുണ്ടകയത്ത് നിന്നും പുറപ്പെട്ട കെഎസ്ആർ‍ടിസിയുടെ എസി ലോഫ്ലോർ ബസ്സിന് മുന്നിലൂടെയാണ് ഇന്നലെ രാത്രിയിൽ കെയ്റോസ് ആളുകളെ കയറ്റി തിരുവനന്തപുരത്തേക്ക് വന്നത്. ടെക്നോപാർക്കിന് സമീപം വച്ച് കെ എസ് ആ‍ ടി സി വിജിലൻസ് വിഭാഗവും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി. 37 യാത്രക്കാർ ബസിലുണ്ടായിരുന്നു. ടൂറിസ്റ്റ് സർവ്വീസിന് പെർമിറ്റ് നൽകിയിരിക്കുന്ന ബസാണ് സമാന്തര സർവീസ് നടത്തുന്നത്. പക്ഷെ പിടിച്ചെടുത്ത വണ്ടി മോട്ടോർ വാഹനവകുപ്പിന് കൈമാറാൻ പോലും കെയ്റോസ് ബസിലെ ജീവനക്കാർ തയ്യാറായില്ല. ഉദ്യോഗസ്ഥർ ജീവനക്കാരെ വെല്ലുവിളിക്കുയും ചെയ്തു.

ഒടുവിൽ പൊലീസ് ഇടപെട്ടാണ് വാഹനം മാറ്റിയത്. തുടർച്ചയായ നിയമ ലംഘനം നടത്തി വെല്ലുവിളി നടത്തുന്ന ബസിന്‍റെ പെർമിറ്റ് റദ്ദാക്കാൻ പക്ഷെ മോട്ടോർ വാഹന വകുപ്പ് തയ്യാറാകുന്നില്ല. ഈ മാസം മൂന്നിനും കെയ്റോസിനെ പിടികൂടിയിരുന്നു. രണ്ട് ലക്ഷം രൂപ പിഴയിടാക്കിയാണ് അന്ന് ബസ് വിട്ടുനൽകിയത്. തൊടുപുഴയിൽ നിന്നും സമാന്തര സർ‍വ്വീസ് നടത്തിയ ജോഷെന്ന ബസും പിടികൂടി.