കണ്ണൂർ: ചെറുപുഴയിൽ കരാറുകാരന്റെ മരണത്തിൽ കോൺഗ്രസ് നേതാക്കളായ കെ കരുണാകരൻ ട്രസ്റ്റ് ഭാരവാഹികളെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ തവണ ചോദ്യം ചെയ്ത എട്ട് പേർക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരിൽ നിന്നും കഴിഞ്ഞ തവണ ലഭിച്ച മൊഴികളും രേഖകളും പരിശോധിച്ചാകും ഇന്നത്തെ നടപടികൾ. തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസിൽ വച്ചാണ് ഇവരുടെ മൊഴിയെടുക്കുന്നത്.

അതിനിടെ, ജോയിയുടെ മരണത്തിൽ പൊലീസ് നടപടികൾ കാര്യക്ഷമമല്ലെന്ന് കാട്ടി ആക്ഷൻ കൗൺസിൽ ഇന്ന് ചെറുപുഴ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. നേരത്തെ കോൺഗ്രസ് നേതാക്കളുടെ വീട്ടിലേക്കാണ് മാർച്ച് നിശ്ചയിച്ചിരുന്നതെങ്കിലും കുടുംബത്തിന് നൽകാനുള്ള പണത്തിന്റെ ആദ്യഗഡു നൽകിയതിനാൽ ഇത് ഉപേക്ഷിക്കുകയായിരുന്നു.

നേരത്തെ കെട്ടിടനിര്‍മ്മാണത്തിന്‍റെ പണം കരാറുകാരന് ട്രസ്റ്റ് ഭാരവാഹികൾ നല്‍കിയിട്ടില്ലെന്ന് കെപിസിസി സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുറ്റക്കാരായ ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുമെന്നും സമിതിയംഗങ്ങള്‍ അറിയിക്കുകയുണ്ടായി. കെ കരുണാകരന്റെ പേരിൽ സ്ഥാപനങ്ങളോ ട്രസ്റ്റോ തുടങ്ങുന്നതില്‍ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ മുരളിധരനും പറഞ്ഞിരുന്നു. ജോയിയുടെ മരണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മുരളിധരന്‍റെ പ്രതികരണം. ഈ വിഷയത്തിൽ കരുണാകരന്റെ കുടുംബത്തിന് പങ്കില്ലെന്നും മുരളിധരന്‍ പറഞ്ഞിരുന്നു.

ചെറുപുഴ സ്വദേശി ജോയിയെ ഈ മാസം ആദ്യമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോയിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിന്മേല്‍ അന്വേഷണം നടത്തവേയാണ് കെട്ടിടത്തിനു മുകളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു.