സാധാരണ നിലയില്‍ 48 മണിക്കൂറിനകം ഉത്തരവിന് ഇറങ്ങേണ്ടതാണ്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണമെന്നും മന്ത്രി വി എസ് സുനില്‍ കുമാര്‍

തിരുവനന്തപുരം: കർഷക വായ്പകൾക്കുള്ള മൊറട്ടോറിയം നടപടികൾ വൈകിച്ചതിനെതിരെ കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. കൃഷിവകുപ്പ് ഇറക്കേണ്ട ഉത്തരവുകൾ എല്ലാം ഇറക്കി. മറ്റ് നടപടികൾ വൈകിയത് എന്തുകൊണ്ടെന്ന് ചീഫ് സെക്രട്ടറിയോട് ചോദിക്കണം . മന്ത്രിസഭാ തീരുമാനം വന്നാൽ ഉടൻ ഉത്തരവ് ഇറങ്ങേണ്ടതാണ്. എന്തുകൊണ്ട് അത് സംഭവിച്ചില്ലെന്ന് അറിയില്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സാധാരണ നിലയില്‍ 48 മണിക്കൂറിനകം ഉത്തരവിന് ഇറങ്ങേണ്ടതാണ്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം. കൃഷി വകുപ്പിന്‍റെ സ്പെഷ്യല്‍ സെക്രട്ടറി രത്തന്‍ ഘേല്‍ക്കറുടെ ഉത്തരവ് 2018 മാര്‍ച്ച് ഏഴിന് തന്നെ ഇറങ്ങിയിട്ടുണ്ട്. എന്താണ് പിന്നീട് സംഭവിച്ചതെന്ന് അന്വേഷിച്ച് മാത്രമേ അറിയാനാകൂ. മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനങ്ങളില്‍ ഉത്തരവിറക്കേണ്ട ഉത്തരവാദിത്വം ചീഫ് സെക്രട്ടറിക്കാണ്. സാങ്കേതിക കാര്യമെന്നതിലപ്പുറം ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കര്‍ഷകര്‍ക്കോ മൊറട്ടോറിയം പ്രഖ്യാപിച്ചതിന്‍റെ ഗുണഭോക്താക്കള്‍ക്കോ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ഇനി ഉത്തരവിറക്കാനാകില്ല. എന്നാല്‍ ഇതുവരെയും സാങ്കേതികമായി മൊറൊട്ടോറിയം പ്രഖ്യാപിച്ചത് നടപ്പിലായിട്ടുമില്ല. അതേസമയം പ്രശ്നം സാങ്കേതിക മാത്രമാണ്. ബാങ്കുകളുമായി ഒരു ധാരണയിലെത്തിയതിനാല്‍ ജപ്തി നടപടിയിലേക്ക് പോകുകയില്ല. എന്നാല്‍ മന്ത്രിസഭാ തീരുമാനം എടുത്തതിന് ശേഷം എന്തുകൊണ്ട് വൈകി എന്നുള്ളതാണ് കൃഷി മന്ത്രിയും ചോദിക്കുന്നത്. ഇതില്‍ തങ്ങള്‍ ചെയ്യേണ്ടത് ചെയ്തുവെന്നും ചീഫ് സെക്രട്ടറിയാണ് സാങ്കേതിക നടപടികള്‍ എടുക്കേണ്ടതെന്നും അത് എന്തുകൊണ്ട് അദ്ദേഹം ചെയ്തില്ലെന്ന് അറിയില്ലെന്നുമാണ് കൃഷിമന്ത്രിയുടെ നിലപാട്.