തിരുവനന്തപുരം: ഒരു വർഷത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കെപിസിസി പുനസം​ഘടന യഥാർത്ഥ്യത്തിലേക്ക്. ജംബോ ഭാരവാഹിപ്പട്ടികയാണ് പ്രഖ്യാപിക്കാനൊരുങ്ങുന്നത് എന്നാണ് സൂചന. ഇത്രയേറെ ഭാരവാഹികളെ പ്രഖ്യാപിക്കുന്നത് ആക്ഷേപത്തിന് കാരണമായേക്കാം എന്നതിനാൽ ആദ്യഘട്ടത്തിൽ പകുതി ഭാരവാഹികളെ മാത്രമായിരിക്കും പ്രഖ്യാപിക്കുക. ഒരാള്‍ക്ക് ഒരു പദവി എന്ന നയം ഇക്കുറി നടപ്പാക്കാന്‍ സാധ്യതയില്ല എന്നാണ് വിവരം. 

വർക്കിം​ഗ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, ഖജാൻജി എന്നിവരെയാവും ആദ്യം പ്രഖ്യാപിക്കുക. സെക്രട്ടറിമാരുടെ പ്രഖ്യാപനം പിന്നീട് നടത്താനാണ് സാധ്യത. 30 ജനറൽ സെക്രട്ടറിമാരേയും അഞ്ച് വൈസ് പ്രസിഡന്റുമാരേയും ട്രഷററേയും ഉടനെ പ്രഖ്യാപിക്കും എന്നാണ് വിവരം. ഭാരവാഹികളെ പ്രഖ്യാപനത്തിന് മുന്നോടിയായുള്ള ചർച്ചകൾക്കായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നലെ ദില്ലിയിൽ എത്തിയിരുന്നു. 

നൂറിലേരെ പേരുകളുള്ള ഭാരവാഹിപ്പട്ടികയുമായാണ് ഇവർ ദില്ലിയിൽ എത്തിയത്. ഇന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയും ദില്ലിയിലെത്തി ചർച്ചകളിൽ സജീവമായിട്ടുണ്ട്. പ്രതിപക്ഷനേതാവ് ദില്ലിയിൽ നിന്നും മടങ്ങിയെങ്കിലും അവിടെ തങ്ങുന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും ഇപ്പോഴും ചർച്ചകളിലാണ്. എഐസിസി ഓർ​ഗനൈസിം​ഗ് സെക്രട്ടറി കെസി വേണു​ഗോപാലിനേയും ഇതിനിടെ മുല്ലപ്പള്ളി കണ്ടു. 

അഞ്ച് വൈസ് പ്രസിഡന്റ് അല്ലെങ്കിൽ മൂന്ന് വർക്കിം​ഗ് പ്രസിഡന്റ് എന്ന നിലയിലാണ് ചർച്ച പുരോ​ഗമിക്കുന്നത്. എ-ഐ ​ഗ്രൂപ്പുകൾ നിർദേശിച്ച പേരുകൾ കൂടാതെ കെ.മുരളീധരൻ, വിഎം സുധീരൻ എന്നീ പ്രമുഖ നേതാക്കൾ നിർദേശിച്ചവരുടെ പേരുകളും ഭാരവാഹിപ്പട്ടികയിൽ സ്ഥാനം പിടിക്കും എന്നാണ് സൂചന. ഇതോടൊപ്പം കെപിസിസി നേതൃത്വത്തിലേക്ക് പരി​ഗണിക്കാവുന്ന യുവാക്കളുടെ പേരുകളും പ്രത്യേകമായി ഹൈക്കമാൻഡിന് സമർപ്പിക്കും. 

നിലവിൽ മൂന്ന് വർക്കിം​ഗ് പ്രസിഡ‍ന്റുമാരാണ് പാർട്ടിക്കുള്ളത് ഇതിനു പകരം വൈസ് പ്രസിഡന്റുമാരെ നിയമിക്കണോ എന്ന കാര്യത്തിൽ ചർച്ച തുടരുകയാണ്. എറണാകുളം സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പരസ്യപ്രതിഷേധം ഉയർത്തിയ കെവി തോമസിനെ യുഡിഎഫ് കൺവീനറായി പരി​ഗണിക്കാൻ സാധ്യതയുണ്ട്. 

കഴിഞ്ഞ വർഷം മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചതിനൊപ്പം കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എം.ഐ ഷാനവാസ് എന്നിവരെ വർക്കിം​ഗ് പ്രസിഡന്റുമാരായി പ്രഖ്യാപിച്ചിരുന്നു. ഒപ്പം ബെന്നി ബെഹന്നാനെ യുഡിഎഫ് കൺവീനറായും കെ. മുരളീധരനെ പ്രചാരക വിഭാ​ഗം തലനായും നിയമിച്ചു. സുധാകരനും, കൊടിക്കുന്നിലും, കെ മുരളീധരനും, ബെന്നി ബെഹന്നാനും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചിരുന്നു. എംഐ ഷാനവാസ് അന്തരിച്ചതിനാൽ ഒരു വർക്കിം​ഗ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. 

കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രൻ ചുമതലയേറ്റെടുത്ത് ഒരു വർഷത്തിലേറെ കഴിഞ്ഞാണ് പുതിയ നേതൃത്വം കെപിസിസിയിലുണ്ടാവുന്നത്. കെപിസിസിയെ നയിക്കാൻ ചെറിയ കമ്മിറ്റി മതിയെന്നായിരുന്നു അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്. എന്നാൽ എ-ഐ ​ഗ്രൂപ്പുകൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ വന്നതോടെ വീണ്ടും ജംബോ കമ്മിറ്റി രൂപീകരണത്തിന് വഴിയൊരുങ്ങുകയായിരുന്നു