കൊച്ചി: തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ (എയര്‍ ടര്‍ബുലന്‍സ് ) പെട്ടു. 172 യാത്രക്കാരുമായി പോയ വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. വിമാനത്തിന് ചെറിയ പ്രശ്നങ്ങള്‍ വന്നതല്ലാതെ യാത്രക്കാര്‍ക്ക് പരിക്കുകളില്ലെന്നും വിമാനം സുരക്ഷിതമായാണ് ലാന്‍ഡ് ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു.

ഇതുവരെ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടുകളില്ല. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് എയര്‍ ഇന്ത്യ സുരക്ഷ വിഭാഗം അറിയിച്ചു. എയര്‍ ഇന്ത്യയുടെ ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തി അവിടുന്ന് കൊച്ചിയിലേക്ക് പോകുന്ന എ 1467 എന്ന വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്.

എയര്‍ക്രാഫ്റ്റിന് ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതിവേഗം വിമാനം പരിശോധനയ്ക്കായി താഴെയിറക്കുകയായിരുന്നു. ഈ പ്രശ്നം മൂലം തിരിച്ച് പോകേണ്ട വിമാനം നാല് മണിക്കൂര്‍ വൈകുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.