സൈബർ വേട്ടയ്ക്ക് പിന്നിൽ മന്ത്രിയാണെന്നും മന്ത്രിയുടെ പിന്തുണയോടെ തേജോവധം ചെയ്യുന്നുവെന്നും അയിഷ ആരോപിച്ചു. സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തുകയാണ്. ഇതെല്ലാം ബാലഗോപാലിന്റെ പൂർണ അറിവോടെയാണ്.
കൊട്ടാരക്കര: സിപിഎമ്മിൽ തന്നെ ഒതുക്കിയതിൽ ധനമന്ത്രിയും കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാനാര്‍ത്ഥിയുമായ കെ.എൻ ബാലഗോപാലിന് നല്ല പങ്കുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി. അയിഷ പോറ്റി. പൊതു ജനങ്ങളുമായി താൻ ബന്ധപ്പെടാൻ പാടില്ലെന്ന തരത്തിൽ തന്നെ ഒതുക്കിയതിൽ ക്ഷമ കെട്ടാണ് സിപിഎം വിട്ടത്. സിപിഎം മൂല്യങ്ങള്‍ നഷ്ടപ്പെട്ട അസ്ഥികൂടമായെന്നും വിമര്‍ശിച്ചു. അയിഷ പോറ്റിയുടെ ആരോപണങ്ങളോടും വിമര്‍ശനങ്ങളോടും പ്രതികരിക്കേണ്ടെന്നാണ് എൽഡിഎഫ് നിലപാട്
എന്തു കൊണ്ട് സിപിഎം വിട്ടു. സ്ഥാനം കിട്ടാത്തതു കൊണ്ടല്ല , ജനങ്ങളോട് ബന്ധപ്പെടാവുന്ന ഇടങ്ങളിൽ എല്ലാം വിലക്കിയതിനാലാണ് പാര്‍ട്ടി വിട്ടതെന്ന് തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേയ്ക്ക് കടക്കുമ്പോള്‍ വിശദീകരിക്കുകയാണ് അയിഷാ പോറ്റി. തന്‍റെ പ്രവര്‍ത്തനത്തിൽ പാര്‍ട്ടി വളരുകയും കൊട്ടാരക്കര ഇടത് കോട്ടയാവുകയും ചെയ്തപ്പോള്‍ പിന്നെ തന്നെ ആവശ്യമില്ലെന്നായി. പാര്‍ട്ടി കമ്മിറ്റിയിൽ പോലും വേണ്ടെന്ന രീതിയിൽ ഒതുക്കി. ധനമന്ത്രിയോട് പലവട്ടം പരാതിപ്പെട്ടു. മുഖ്യമന്ത്രി വിളിപ്പിച്ചപ്പോഴും പരാതി പറഞ്ഞു. നിര്‍ണായക സമയമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അവഗണനയിൽ ക്ഷമ കെട്ടതിനൊപ്പം കേട്ടാൽ അറയ്ക്കുന്ന ഭാഷയിലെ സൈബര്‍ ആക്രമണം കൂടിയപ്പോള്‍ പാര്‍ട്ടി വിട്ടു.
തന്നെ സ്നേഹിക്കുന്നവര്‍ ഇപ്പോഴും തന്നോടൊപ്പം തന്നെയുണ്ടെന്നും അയിഷ പോറ്റി പറഞ്ഞു. എന്നാൽ ആരോപണങ്ങളിലും വിമര്‍ശനങ്ങളിലും കൊത്തേണ്ടെന്നാണ് എൽഡിഎഫ് നിലപാട്. അവസാന ദിവസങ്ങളിൽ പ്രചാരണ വിഷയമാക്കാൻ ഉന്നമിട്ടുള്ള യുഡിഎഫ് നീക്കമെന്ന വിലയിരുത്തിയാണ് മൌനം പാലിക്കുന്നത്.

