സിപിഎമ്മിനെ വിശ്വസിച്ച് വരുന്നവരെ പാർട്ടി നിരാശപ്പെടുത്തില്ല. ദിശാബോധമില്ലാത്ത കെ സി വേണുഗോപാലന്മാരാണ് കോൺഗ്രസിന്റെ ഹൈക്കമാൻഡെന്നും എംഎ ബേബി വിമർശിച്ചു.
കണ്ണൂർ : സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്ന കെ വി തോമസ് (KV Thomas) നിരാശനാകേണ്ടി വരില്ലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. സിപിഎമ്മിനെ വിശ്വസിച്ച് വരുന്നവരെ പാർട്ടി നിരാശപ്പെടുത്തില്ല. ദിശാബോധമില്ലാത്ത കെ സി വേണുഗോപാലന്മാരാണ് കോൺഗ്രസിന്റെ ഹൈക്കമാൻഡെന്നും എംഎ ബേബി വിമർശിച്ചു.
കെ വി തോമസിനെതിരെ നടപടിയെടുത്താൽ അത് കോൺഗ്രസിന് തിരിച്ചടിയാകുമെന്ന് മുതിന്ന സിപിഎം നേതാവ് എകെ ബാലനും പ്രതികരിച്ചു. കെ വി തോമസിനെതിരെ നടപടിയെടുത്താൽ അത് കോൺഗ്രസിന്റെ നാശമാകും. കെപിസിസി അധ്യക്ഷൻ സുധാകരനെ കോൺഗ്രസുകാർക്ക് ഉൾകൊള്ളാനാവില്ലെന്ന് പറഞ്ഞ ബാലൻ സുധാകരന് എന്ത് ദാർശനിക അടിത്തറയാണുള്ളതെന്നും ചോദിച്ചു. സെമിനാറിൽ പങ്കെടുത്തതിന് ശേഷം കോൺഗ്രസ് എടുക്കുന്ന നിലപാടിനനുസരിച്ചായിരിക്കും കെ വി തോമസിൻ്റെ സമീപനമെന്നും ബാലൻ വിശദീകരിച്ചു.
<
അതിനിടെ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി പോകുന്ന കെവി തോമസിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ പ്രതികരിച്ചു. പാർട്ടിയിലെ അദ്ദേഹത്തെ സേവനങ്ങളെ വിലമതിക്കാതിരിക്കരുതെന്നും പല പ്രതിസന്ധിഘട്ടകളിലും കെവി തോമസിന്റെ ഇടപെടലുകളുണ്ടായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഓടുപൊളിച്ചല്ല കെവി തോമസ് പാലമെന്റിൽ പോയത്. ജനങ്ങളുടെ പിന്തുണയുള്ളത് കൊണ്ടാണ് അത് സാധ്യമായത്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണമെങ്കിൽ ജനപിന്തുണ ആവശ്യമില്ല. പകരം എംഎൽഎമാരുടെ ഭൂരിപക്ഷം മതി. പക്ഷേ ലോക്സഭയിലേക്കും നിയമസഭയിലേക്കും ജയിക്കണമെങ്കിൽ ജനപിന്തുണ വേണം. കെവി തോമസിന് അതുണ്ടായിരുന്നു. ഏറെക്കാലമായി കൂടെയുള്ള സഹപ്രവർത്തകനാണ് കെവി തോമസ്. സ്വാഭാവികമായും അദ്ദേഹം വിട്ടു പോകുന്നതിൽ പ്രയാസമുണ്ട്. അധികാരം മോഹിക്കാത്ത ആരും രാഷ്ട്രീയത്തിൽ ഇല്ല. പക്ഷേ അദ്ദേഹത്തിന്റെ ചില വിഷമങ്ങൾ പരിഹരിക്കപ്പെട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. ഈ വയസിൽ ഇങ്ങനെയൊരു വേഷം കെട്ടണോയെന്ന് അദ്ദേഹം ആലോചിക്കണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

