തിരുവനന്തപുരം: സിനിമാ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി എകെ ബാലൻ വിളിച്ച യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സിനിമാ ടിക്കറ്റിന് അധിക നികുതി ഈടാക്കുന്നതിന് എതിരെ നിർമ്മാതാക്കളുടെയും തീയറ്റർ ഉടമകളുടെയും വിതരണക്കാരുടെയും സംഘടനകൾ സർക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു.

സിനിമാ ബന്ദ് വരെ പ്രതിഷേധം എത്തിയ സാഹചര്യത്തിലാണ് യോഗം വിളിച്ചത്. വിനോദ നികുതിക്ക് പുറമെയും നികുതി ചുമത്തുന്നുവെന്നാണ് സംഘടനകളുടെ പരാതി. ഇതോടൊപ്പം ഷൂട്ടിംഗ് സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച നിർമ്മാതാക്കളുടെ വെളിപ്പെടുത്തലും യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ ദിവസം മന്ത്രി എകെ ബാലൻ ലഹരി ഉപയോഗത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. കർശന നടപടിയെന്നാണ് സർക്കാർ മുന്നറിയിപ്പ്.