തിരുവനന്തപുരം: ചിലപ്പോഴെങ്കിലും ഈ കൊച്ചുമിടുക്കൻ നമ്മളെ ആരെയെങ്കിലും കടന്നു പോയിട്ടുണ്ടാകും. തോളിലെ ചെറിയ ബാ​ഗ് തുറന്ന് കാണിച്ച് ഒരു സോപ്പ് വാങ്ങുമോ എന്ന് ചോദിച്ചിട്ടുണ്ടാകാം. പറഞ്ഞു വരുന്നത് അഖിൽ രാജ് എന്ന പ്ലസ്ടൂ വിദ്യാർത്ഥിയെക്കുറിച്ചാണ്. 'സോപ്പിന് പേരൊന്നും ഇട്ടിട്ടില്ല. പക്ഷേ ഭാവിയിൽ പേരിടും. അഖിൽ സോപ്പെന്നായിരിക്കും പേര്.' ആത്മവിശ്വാസം നിറയുന്ന സ്വരത്തിൽ അഖിൽ പറഞ്ഞു തുടങ്ങുന്നു.  ഒരു സോപ്പുണ്ടാക്കിയ കഥയെന്നല്ല, ഒരു പ്ലസ് ടൂ വിദ്യാര്‍ത്ഥി എങ്ങനെയാണ് ജീവിതം ഡിസൈൻ ചെയ്യുന്നത് എന്ന് കൂടി അഖിലിനെ അറിയുമ്പോൾ മനസ്സിലാകും. 

''ഞാൻ വലിയതുറ ഫിഷറീസ് സ്കൂളിലാണ് പഠിക്കുന്നത്. കാട്ടാക്കടയാണ് വീട്. പ്ലസ് ടൂവിന് സയൻസാണ് വിഷയം കരിയർ ​ഗൈഡൻസിന്റെയും എൻഎസ്എസിന്റെയും ഭാ​​ഗമായിട്ട് സ്കൂളിൽ നിന്നാണ് സോപ്പുണ്ടാക്കാൻ പഠിപ്പിച്ചത്. ഒരു ദിവസം ഞാൻ വീട്ടിൽ സോപ്പുണ്ടാക്കി നോക്കി. എന്നിട്ട് സ്കൂളിൽ കൊണ്ടുപോയി ടീച്ചർമാർക്ക് കൊടുത്തു. അവരെല്ലാം വാങ്ങിച്ചു. നല്ലതാണെന്ന് എല്ലാവരും പറഞ്ഞു. അനു ടീച്ചറും സാബു സാറും ശ്രീലേഖ ടീച്ചറും ഒക്കെ നല്ല സപ്പോർട്ടാണ് തന്നത്. അന്ന് ഒരു ചെറിയ തുക കിട്ടി. അപ്പോ എനിക്ക് മനസ്സിലായി ബസ് കൂലിക്കും ചെറിയ ആവശ്യങ്ങൾക്കുമൊക്കെ ഇത് ഉപകാരപ്പെടുമെന്ന് പിന്നെ വീട്ടിൽ ഉണ്ടാക്കാൻ തുടങ്ങി.''  സോപ്പുണ്ടാക്കിയ കഥ അഖിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു തുടങ്ങി.

അഖിലിന്റെ സോപ്പ് ആദ്യം വാങ്ങിയത് വീട്ടിൽ വരുന്നവരാണ്. ഉപയോ​ഗിച്ച് നല്ലതാണെന്ന് പറഞ്ഞപ്പോൾ പിന്നെയും സോപ്പുണ്ടാക്കാൻ ആവേശമായി എന്ന് അഖിൽ. ''ആദ്യമൊക്കെ റോഡരികിൽ നിന്നിട്ട് അതുവഴി പോകുന്നവരോട് സോപ്പ് വാങ്ങിക്കുമോ എന്ന് ചോദിക്കുമായിരുന്നു. അങ്ങനെ കുറച്ച് വിറ്റുപോകും. പിന്നെയാണ് കടകളിൽ കൊടുക്കാൻ തുടങ്ങിയത്. തമ്പാനൂരിലും ഈസ്റ്റ്ഫോർട്ടിലും ഒക്കെ ഉള്ള കടകളിൽ കൊടുക്കാറുണ്ട്. ഒന്നരവർഷമായി സോപ്പുണ്ടാക്കി ഇങ്ങനെ വിൽക്കാൻ തുടങ്ങിയിട്ട്. കുളിക്കുന്ന സോപ്പും അലക്കുന്ന സോപ്പുമുണ്ട്. ഇപ്പോൾ ലോക്ക് ഡൗണായത് കൊണ്ട് പുറത്തൊന്നും പോകുന്നില്ല.'' അഖിലിന്റെ വാക്കുകൾ. 

ശുദ്ധമായ വെളിച്ചെണ്ണയിലാണ് സോപ്പ്  നിർമ്മിക്കുന്നതെന്ന് അഖിൽ ആത്മവിശ്വാസത്തോടെ പറയുന്നു. ഞായറാഴ്ചയും ഒഴിവുദിവസങ്ങളുമാണ് സോപ്പ് നിർമ്മാണം. സോപ്പ് വിറ്റുകിട്ടുന്ന പണത്തിൽ നിന്ന് തന്നെയാണ് നിർമ്മാണ സാമ​ഗ്രികളൊക്കെ വാങ്ങുന്നത്. അച്ഛനും അമ്മയും അനിയനുമാണ്സോപ്പ് നിർമ്മാണത്തിൽ അഖിലിന്റെ പങ്കാളികൾ. സ്വന്തം പഠനച്ചെലവിന് മാത്രമല്ല, വീട്ടിലേക്ക് ഒരു കുഞ്ഞുതുക കൂടി കൊടുക്കാൻ സാധിക്കുന്നുണ്ടെന്ന് അഖിൽ പറയുന്നു. ഒറ്റ മുറി വീടാണ് അഖിലിന്റേത്. കൂലിപ്പണിക്കാരനാണ് അച്ഛൻ സാധുരാജ്. അനിയൻ ആശിഷ് രാജ് പത്താം ക്ലാസിലാണ്. അമ്മ വീട്ടമ്മ.

''ഒരുപാട് പഠിക്കണം. എന്നിട്ട് ജോലിയൊക്കെ മേടിച്ചിട്ട് വീടുണ്ടാക്കണം. ഐഎസ്ആർഒ ഓഫീസറാകാനാണ് ആ​ഗ്രഹം. എനിക്ക് ആകാശത്തെക്കുറിച്ചും നക്ഷത്രസമൂഹത്തെക്കുറിച്ചും സാറ്റലൈറ്റുകളെയും കുറിച്ചൊക്കെ പഠിക്കാൻ ഇഷ്ടമാ.'' അഖിലിന്റെ സ്വപ്നങ്ങൾക്ക് ആകാശത്തോളം വലിപ്പം. ലോക്ക് ഡൗണൊക്കെ കഴിയുമ്പോഴേയ്ക്കും വീണ്ടും സോപ്പ് നിർമ്മാണവും വിൽപനയും ആരംഭിക്കാനാണ് അഖിലിന്റെ തീരുമാനം. പ്രാദേശിക ചാനലിന്‍റെ  ഫേസ്ബുക്ക് പേജിലൂടെയാണ് അഖിലിനെക്കുറിച്ച് എല്ലാവരും അറിയുന്നത്. ഒരുപാട് പേർ വിളിക്കുന്നുണ്ടെന്ന് അഖിൽ പറയുന്നു. പഠനത്തിനൊപ്പം സ്വന്തമായി സമ്പാദിക്കുന്ന അഖിൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. നാളെ കേരളത്തിലെ മികച്ച സംരംഭകരിൽ ഒരാളുടെ പേര് ചിലപ്പോൾ ഈ കൊച്ചുമിടുക്കന്റേതായിരിക്കും.