'ഇപ്പോൾ സോപ്പിന് പേരൊന്നുമിട്ടിട്ടില്ല. ഭാവിയിൽ അഖിൽ സോപ്പെന്ന് പേരിടും.' അഖിൽ രാജെന്ന പ്ലസ് ടൂ വിദ്യാര്‍ത്ഥിയുടെ ആത്മവിശ്വാസം തുടിക്കുന്ന ഈ വാക്കുകൾ മാസങ്ങൾക്ക് മുമ്പാണ് നമുക്ക് മുന്നിലെത്തിയത്. ഒരു തോളിൽ പുസ്തക സഞ്ചിയും മറുതോളിലെ ചെറിയ ബാ​ഗിലെ  സോപ്പുകളുമായി ഈ കുട്ടി പലപ്പോഴും നമുക്ക് മുന്നിലൂടെ കടന്ന് പോയിട്ടുണ്ടാകാം. സോപ്പ് വിറ്റാണ് പ്ലസ് ടൂ വിദ്യാർത്ഥിയായിരുന്ന അഖിൽ പഠനച്ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. 

വലിയതുറ ഫിഷറീസ് സ്കൂളിലായിരുന്നു അഖിൽ പഠിച്ചിരുന്നത്. പ്ലസ് ടൂ പരീക്ഷയിൽ 1600ൽ 1073 മാർക്കാണ് അഖിലിന് ലഭിച്ചത്. മാർക്കിന്റെ വലിപ്പത്തിലല്ല, അതിലേക്ക് എത്തിപ്പെടാനുള്ള അഖിലിന്റെ പരിശ്രമത്തിന് മാർക്ക് നൂറിൽ നൂറാണ്. 44 കിലോമീറ്റർ‌ ദൂരമുണ്ട് അഖിലിന്റെ വീട്ടിൽ നിന്ന് സ്കൂളിലേക്ക്. രാവിലെ നാലു മണിക്ക് എഴുന്നേറ്റ് സോപ്പുണ്ടാക്കി, അതുമായിട്ടാണ് ആറരയോടെ വീട്ടിൽ നിന്നിറങ്ങുന്നത്. ഒൻപത് മണിയോടെ സ്കൂളിലെത്തി വൈകുന്നേരമാണ് സോപ്പ് വിൽക്കാൻ തമ്പാനൂരും പാളയത്തും പോകുന്നത്. അതു കഴി‍ഞ്ഞ് സ്ഥിരം ബസ്സിൽ വീട്ടിലേക്ക്. 

സ്കൂളിലെ പ്രവർത്തി പരിചയത്തിന്റെ ഭാ​ഗമായിട്ടാണ് അഖിൽ സോപ്പുണ്ടാക്കാൻ പഠിച്ചത്. പിന്നീടത് ഈ കൊച്ചു കുടുംബത്തിന്റെ വരുമാന മാർ​ഗവും അഖിലിന്റെ പഠനച്ചെലവുമായി മാറി. കൂലിപ്പണിക്കാരായ സാധുരാജ്- ക്രിസ്റ്റൽ ബീന ദമ്പതികളുടെ മകനാണ് അഖിൽ രാജും ആശിഷ് രാജും. പണി പൂർത്തിയായിട്ടില്ലാത്ത വീട്ടിലിരുന്ന് അഖിൽ കാണുന്ന സ്വപ്നങ്ങൾക്ക് ആകാശത്തോളം വലിപ്പമുണ്ട്. പഠിച്ച് ജോലി വാങ്ങിയിട്ട് വേണം അനിയൻ ആശിഷ് രാജിന്റെ കാര്യങ്ങൾ നോക്കാൻ.

അഖിലിന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകരിലൊരാളാണ് സാബു സാർ. 'നോ എന്ന വാക്ക് അവന്റെ നിഘണ്ടുവിലില്ല.' അഖിലിനെക്കുറിച്ച് സാബു സാർ പറയുന്നു. 'എന്ത് കാര്യത്തിന് എപ്പോൾ വിളിച്ചാലും അവൻ റെഡിയാണ്. ഞങ്ങളുടെ സ്കൂളിനെ സംബന്ധിച്ച്, അഖിലിനെ സംബന്ധിച്ച് ഈ വിജയം വളരെ വലിയ നേട്ടമാണെന്ന് പറയും. കാരണം തീരെ പാവപ്പെട്ട കുട്ടികൾ പഠിക്കാനെത്തുന്ന സ്കൂളാണിത്. പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിൽ നിന്നുള്ള കുഞ്ഞുങ്ങൾ. മാതാപിതാക്കൾക്കൊപ്പം കടലിൽ പോകുന്ന കുട്ടികളുമുണ്ട് ഇവിടെ പഠിക്കാൻ. ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളെയാണ് അവർക്ക് നേരിടേണ്ടി വരുന്നത്.' ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കവേ സാബു സാർ തുടർന്നു. 

'നന്നായി നീന്താനറിയാവുന്ന കുട്ടികളാണ് മിക്കവരും. പക്ഷേ അഖിലിന് അത്തരം ജീവിതാനുഭവങ്ങളൊന്നുമില്ല. പക്ഷേ ആത്മവിശ്വാസമുള്ള കുട്ടിയാണ്. അവനോട് ഒരു കാര്യം ആവശ്യപ്പെട്ടാൽ അതെങ്ങനെ നടപ്പിലാക്കും എന്നേ അഖിൽ ചിന്തിക്കൂ. അതിന് മുന്നിൽ വരുന്ന പ്രതിസന്ധികളെക്കുറിച്ചൊന്നും അവൻ ചിന്തിക്കില്ല. ഉറക്കമൊഴിഞ്ഞിരുന്നാണ് വായിച്ചു പഠിക്കുന്നത്. എല്ലാക്കാര്യങ്ങളും കൃത്യനിഷ്ഠയോടെ ചെയ്യും. കൃത്യം ഒൻപത് മണിക്ക് ക്ലാസിലെത്തും. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് അപ്പോൾ തന്നെ തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക്ക് ഓടും. സോപ്പ് വിൽക്കാൻ വേണ്ടിയാണ്. അവിടുത്തെ നഴ്സുമാരും രോ​ഗികളും എല്ലാം ഇവന്റെ സോപ്പ് വാങ്ങിക്കും.' അഖിലിനെക്കുറിച്ച് പറയാൻ ഇനിയുമുണ്ടെന്ന് സാബു സാർ. 

'ഒരു കുഞ്ഞ് 'നോക്കിയ' ഫോണാണ് കയ്യിലുള്ളത്. അത് സ്കൂളിൽ കൊണ്ടു വരും. എന്നിട്ട് ടീച്ചേഴ്സിനെ ഏൽപിക്കും. വൈകുന്നേരം പോകാൻ സമയത്ത് തിരികെ വാങ്ങിക്കും. അവന്റെ സോപ്പ് വിൽപ്പനയ്ക്ക് ഫോൺ അത്യാവശ്യമാണല്ലോ.' അധ്യാപകർക്കെല്ലാം അവനെക്കുറിച്ച് നല്ലതേ പറയാനുള്ളൂ എന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

ഫിഷറീസിനാണ് അഖിലിന് ഏറ്റവും മാർക്ക് ലഭിച്ചിട്ടുള്ളത്. 'ഇനി ഡി​ഗ്രിക്ക് പോകണം, സുവോളജിയോ ബോട്ടണിയോ എടുത്ത് പഠിക്കണം. അന്ന് പറഞ്ഞില്ലേ ഐഎസ്ആർഒ ഓഫീസറാകാനാണ് ആ​ഗ്രഹമെന്ന്. അതിന് വേണ്ടി പരിശ്രമിക്കണം.' ഭാവിയെക്കുറിച്ച് അഖിലിന്റെ വാക്കുകൾ. ലോക്ക് ഡൗണായതിനാൽ സോപ്പ് വിൽപ്പനയൊന്നും നടക്കുന്നില്ലെന്ന് മാത്രമേ അഖിലിന് സങ്കടമുള്ളൂ. നല്ല മാർക്കുണ്ടെന്ന് അറിഞ്ഞപ്പോൾ അച്ഛനും അമ്മയ്ക്കും അനിയനും സന്തോഷമായി എന്ന് അഖിൽ കൂട്ടിച്ചേർക്കുന്നു. അഖിൽ സോപ്പുണ്ടാക്കിയ കഥ മാധ്യമങ്ങളിൽ വാർത്തയായപ്പോൾ നിരവധി പേരാണ് സഹായം അറിയിച്ചത്. 

ഒറ്റമുറി വീട്ടിലിരുന്ന് അഖിൽ സ്വപ്നം കാണുകയാണ്. ആ സ്വപ്നത്തിൽ നക്ഷത്രങ്ങൾക്ക് പകരം നിറയെ പ്രതീക്ഷകളുള്ള ആകാശമുണ്ട്.  ''ഒരുപാട് പഠിക്കണം. എന്നിട്ട് ജോലിയൊക്കെ മേടിച്ചിട്ട് വീടുണ്ടാക്കണം. ഐഎസ്ആർഒ ഓഫീസറാകാനാണ് ആ​ഗ്രഹം. എനിക്ക് ആകാശത്തെക്കുറിച്ചും നക്ഷത്രസമൂഹത്തെക്കുറിച്ചും സാറ്റലൈറ്റുകളെയും കുറിച്ചൊക്കെ പഠിക്കാൻ ഇഷ്ടമാ.'' അഖിൽ രാജ് പറയുന്നു.