തൃശ്ശൂരിൽ പരിക്കേറ്റ ചൂണ്ടുവിരലുമായി വോട്ട് ചെയ്യാനെത്തിയ യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം വലിയ വിവാദമായിരുന്നു. വിരലുകൾക്ക് പരിക്കോ മറ്റ് പ്രശ്നങ്ങളോ ഉള്ളവർക്ക് എങ്ങനെ വോട്ട് ചെയ്യാമെന്ന നിയമവശങ്ങൾ ചർച്ചയാകുകയായണ്.
തൃശൂർ: തൃശ്ശൂരിലെ കൂർക്കഞ്ചേരി സ്കൂളിൽ പരിക്കേറ്റ വിരലുമായി വോട്ട് ചെയ്യാനെത്തിയ യുവതിയെ പ്രിസൈഡിങ് ഓഫീസർ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്ന സംഭവം ചര്‍ച്ചയാകുന്നു. പരിക്കേറ്റ ചൂണ്ടുവിരലിൽ മഷി പുരട്ടാൻ കഴിയില്ല എന്ന കാരണം പറഞ്ഞായിരുന്നു കൂർക്കഞ്ചേരി സ്വദേശി അക്ഷയയുടെ വോട്ട് നിഷേധിക്കാൻ ശ്രമിച്ചത്. മണിക്കൂറുകൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ വൈകീട്ട് ആറേകാലോടെ അക്ഷയയ്ക്ക് വോട്ട് ചെയ്യാൻ അനുമതി ലഭിക്കുകയായിരുന്നു.
ഇടതു കൈയിൽ ചൂണ്ടുവിരൽ ഇല്ലാത്ത വോട്ടർമാർക്ക് എങ്ങനെ വോട്ട് ചെയ്യാനാകും എന്നത് സംബന്ധിച്ച് വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. 1961-ലെ കോൺഡക്ട് ഓഫ് ഇലക്ഷൻ റൂൾസ് (CER) ചട്ടം 49K പ്രകാരം വിരലുകൾ ഇല്ലാത്ത വോട്ടർമാരുടെ കാര്യത്തിൽ പാലിക്കേണ്ട ചില നടപടി ക്രമങ്ങളുണ്ട്. ഒരു വോട്ടർക്ക് ഇടതു കൈയിൽ ചൂണ്ടുവിരൽ ഇല്ലെങ്കിൽ, അയാളുടെ ഇടതു കൈയിലുള്ള മറ്റേതെങ്കിലും വിരലിൽ മഷി പുരട്ടേണ്ടതാണ്. വോട്ടർക്ക് ഇടതു കൈയിൽ വിരലുകൾ ഒന്നുമില്ലെങ്കിൽ, മഷി അയാളുടെ വലതു കൈയിലെ ചൂണ്ടുവിരലിൽ പുരട്ടണം. വലതു കൈയിൽ ചൂണ്ടുവിരൽ ഇല്ലെങ്കിൽ ചൂണ്ടുവിരൽ മുതൽ ക്രമമായി വലതു കൈയിലുള്ള മറ്റേതെങ്കിലും വിരലിൽ മഷി പുരട്ടാം. വോട്ടർക്ക് രണ്ടു കൈകളിലും വിരലുകൾ ഇല്ലെങ്കിൽ, ഇടതു കാലിന്റെയോ വലതു കാലിന്റെയോ അഗ്രഭാഗത്ത് മഷി പുരട്ടേണ്ടതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളിൽ കൃത്യമായി പറയുന്നുണ്ട്.
നാല് ദിവസം മുമ്പ് മിക്സിയില്‍ കൈകുടുങ്ങിയാണ് അക്ഷയയുടെ ചൂണ്ടു വിരലിന് പരിക്കേറ്റത്. വിരലിൽ പതിനഞ്ച് തുന്നലുമായി വോട്ട് ചെയ്യാനെത്തിയപ്പോള്‍ മഷി പുരട്ടാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വോട്ട് ചെയ്യിക്കാനാവില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ നിലപാടെടുക്കുകയായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയ അക്ഷയ മെഡിക്കല്‍ രേഖകളുമായി തിരിച്ചെത്തിയിട്ടും പ്രിസൈഡിങ് ഓഫീസര്‍ വഴങ്ങിയില്ല. കൈക്കുഞ്ഞും അച്ഛനുമായി പുറത്തെ ബെഞ്ചിലിരുന്ന അക്ഷയയോട് ഇടതു മുന്നണി പ്രവര്‍ത്തകര്‍ വിവരം തിരക്കിയതോടെയാണ് സംഭവം വാര്‍ത്തയായത്. തുടര്‍ന്ന് വി എസ് സുനില്‍കുമാറും അനൂപ് ഡേവിസ് കാടയും ഉള്‍പ്പടെയുള്ള നേതാക്കളെത്തി വോട്ട് നിഷേധം ചോദ്യം ചെയ്തു.
റിട്ടേണിങ് ഓഫീസറും ജില്ലാ കളക്ടറും വിളിച്ചിട്ടും പ്രിസൈഡിങ് ഓഫീസര്‍ മുറിവ് തുറന്നുകാണണം എന്ന കര്‍ശൻ നിലപാടെടുത്തു. ഒടുവില്‍ ഗത്യന്തരമില്ലാതെ ഡി എം ഒ ഡോക്ടറെ ബൂത്തിലേക്കയച്ചു. എ ഡി എമ്മും സ്ഥലത്തെത്തി. ഇതിനിടെ യുവതിയില്‍ നിന്ന് സത്യവാങ്മൂലം വാങ്ങി വോട്ട് ചെയ്യിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടിട്ടും പ്രിസൈഡിങ് ഓഫീസര്‍ അതിന് വഴങ്ങിയില്ല. 6 മണിയായതിനാൽ പെണ്‍കുട്ടിയ്ക്ക് സ്ലിപ്പ് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. സമയം കഴിഞ്ഞിട്ടും പ്രിസൈഡിങ് ഓഫീസര്‍ വഴങ്ങാത്തതിനെത്തുടര്‍ന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രത്യക ഉത്തരവ് ഇറക്കിയതോടെയാണ് നാടകീയ രംഗങ്ങൾക്ക് അവസാനമായത്. തുടർന്ന് ആറേകാലോടെ അക്ഷയ വോട്ടു ചെയ്തു. പ്രിസൈഡിങ് ഓഫീസര്‍ക്കെതിരെ വിവിധ ഫോറങ്ങളില്‍ ഇടത് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്.


