ആലപ്പുഴ: പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ കൊവിഡ് ഭേദമായ ആലപ്പുഴ നെടുമുടി സ്വദേശി മരിച്ചു. നെടുമുടി പുതുക്കരി വീട്ടിൽ പി വി തോമസ് ആണ് മരിച്ചത്. 70 വയസ്സായിരുന്നു. ഇയാൾക്ക് അർബുദം, ഹൃദ്രോഗം തുടങ്ങി രോഗങ്ങൾ ഉണ്ടായിരുന്നു. കിടപ്പ്  രോഗി ആയിരുന്ന തോമസിന് സമ്പർക്കത്തിലൂടെ ആണ് രോഗം വന്നത്. പ്ലാസ്‍മ ചികിത്സയിലൂടെ ഈ മാസം 16 ന് കൊവിഡ് പൂർണമായും ഭേദമായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്ത തോമസ്  ഇന്ന് വൈകിട്ട്  ആറുമണിയോടെ വീട്ടിൽ വച്ചാണ് മരിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പുതുതായി രോഗബാധിതരായവരിൽ 82 പേർ വിദേശത്ത് നിന്ന് വന്നതാണ്. 54 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13,994 പേർക്കാണ്. സമ്പർക്ക രോഗബാധിതരില്‍ 34 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ചവരിൽ ആരോഗ്യപ്രവർത്തകർ 17, ഐടിബിപി നാല്, കെഎൽഎഫ് ഒന്ന്, കെഎസ്ഇ നാല് എന്നിങ്ങനെയാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,524 സാമ്പിളുകളാണ് പരിശോധിച്ചത്. നിരീക്ഷണത്തില്‍ കഴിയുന്നത് 1,62,444 പേരാണ്. ഇതില്‍ 8277 പേർ ആശുപത്രിയിലാണ്. 987 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 8056 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.