അവധിയിലുള്ള പൊലീസ് കാരോട് തിരിച്ച് ഡ്യൂട്ടിയിൽ കയറാൻ നിർദേശം നൽകി. സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയുടേതാണ് ഉത്തരവ്.

കണ്ണൂർ: ആലപ്പുഴ കൊലപാതങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിലും മുൻകരുതൽ. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് പട്രോളിങ് നടത്തും. വാഹന പരിശോധനയും ശക്തമാക്കും. അവധിയിലുള്ള പൊലീസ് കാരോട് തിരിച്ച് ഡ്യൂട്ടിയിൽ കയറാൻ നിർദേശം നൽകി. സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയുടേതാണ് ഉത്തരവ്.

ബിജെപി പ്രവർത്തകൻ രഞ്ജിത് ശ്രീനിവാസന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂരിലെ ബിജെപി പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കണ്ണൂരിലെ ബിജെപി ഓഫീസ് മുതൽ കാൾടെക്സ് വരെയായിരുന്നു പ്രതിഷേധം. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിരുന്നു.

24 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് ആലപ്പുഴയിൽ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. അക്രമ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ രണ്ട് ദിവസം പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ആലപ്പുഴ മണ്ണഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചംഗ സംഘമാണ് കൊലയ്ക്ക് പിന്നിൽ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു.

Also Read: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ വെട്ടികൊന്നു; ആർഎസ്എസ് ഭീകരതയെന്ന് എസ്ഡിപിഐ

ഇന്ന് രാവിലെ പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍. ഇദ്ദേഹത്തിന് നാല്‍പ്പത് വയസായിരുന്നു. ഇദ്ദേഹം ആലപ്പുഴ കോടതിയില്‍ അഭിഭാഷകനാണ്.

Also Read: ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു