ആസൂത്രണം ചില നേതാക്കൾക്ക് അറിയാമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ക്ക് രക്ഷപെടാനും നേതാക്കളുടെ സഹായം കിട്ടി.
ആലപ്പുഴ: ആലപ്പുഴ എസ്ഡിപിഐ നേതാവ് ഷാനെ വധിച്ച കേസില്‍ (Shan Murder Case) രണ്ട് പേർ കൂടി അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ ശ്രീരാജ്, പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിന് വഴികാട്ടിയത് ഇവരാണ്. ഇതോടെ ഷാൻ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. അതിനിടെ, ഷാൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങള്‍ പുറത്ത് വന്നു.
കൊലപാതകത്തിൻ്റെ ആസൂത്രണം ചേർത്തലയിൽ വച്ചായിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്ട്ടില് പറയുന്നു. രണ്ട് മാസം മുമ്പ് ആസൂത്രണത്തിന് രഹസ്യ യോഗം ചേർന്നിരുന്നു. ആ യോഗത്തില്‍ കൊലപാതകത്തിനായി 7 പേരെ നിയോഗിച്ചു. ഡിസംബർ 15 ന് വീണ്ടും യോഗം ചേർന്നു. ചേർത്തല പട്ടണക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവർത്തകൻ്റെ കൊലപാതകത്തിന് പ്രതികാരമാണ് ഷാൻ്റെ കൊലപാതകമെന്നും റിമാന്‍ഡ് റിപ്പോര്ട്ടില് പറയുന്നു. ആസൂത്രണം ചില നേതാക്കൾക്ക് അറിയാമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാൻ്റെ കൊലയ്ക്ക് ശേഷം എത്തിയ സംഘാംഗങ്ങൾ രണ്ട് ടീമായി രക്ഷപ്പെട്ടു. പ്രതികള്‍ക്ക് രക്ഷപെടാനും നേതാക്കളുടെ സഹായം കിട്ടി. കൊലയാളി സംഘാംഗങ്ങൾ അടക്കം ആകെ 16 പ്രതികളാണ് കേസിലുള്ളത്.
