ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയിലെ വയോധികയുടെ കൊലപാതകത്തിൽ പ്രതിയായ അയൽവാസി അബൂബക്കര്‍ അറസ്റ്റിലായി. ഞായറാഴ്ചയാണ് ഒറ്റപ്പനയിൽ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന ഹംലത്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയിലെ വയോധികയുടെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ. സമീപവാസിയായ അബൂബക്കര്‍ (68) ആണ് അറസ്റ്റിലായത്. സംഭവം നടന്ന് ദിവസങ്ങള്‍ക്കുശേഷമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊലപാതകം നടന്നശേഷം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ നടത്തുന്നതിനിടെയും പ്രതി സ്ഥലത്തുണ്ടായിരുന്നു. കൊല നടത്തിയശേഷവും രക്ഷപ്പെടാൻ ശ്രമിക്കാതെ യാതൊരു ഭാവഭേദവുമില്ലാതെയാണ് പ്രതി പൊലീസ് നടപടിക്കിടെയും സ്ഥലത്ത് തുടര്‍ന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടും ഇയാള്‍ പ്രതികരിച്ചിരുന്നു. 

പലതവണ എത്തിയപ്പോഴും ഹംലത്തിന്‍റെ വീട്ടിൽ നിന്ന് ഒരു പ്രതികരണവുമില്ലെന്നും അകത്ത്കയറി നോക്കണമെന്നും പ്രദേശവാസികളെയും ബന്ധുക്കളെയും അറിയിച്ചതും അബൂബക്കർ ആയിരുന്നു. ഞായറാഴ്ച പൊലീസ് എത്തി പരിശോധന നടത്തുമ്പോഴും ആൾക്കൂട്ടത്തിൽ ഒരാളായി അബൂബക്കർ ഉണ്ടായിരുന്നു. ഹംലത്തിന്‍റെ കാണാതായ മൊബൈൽഫോൺ കൊലപാതകത്തിന് തൊട്ടടുത്ത ദിവസവും വീടിന് സമീപത്ത് ഉണ്ടായിരുന്നതായി ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്ന് പൊലീസിന് വ്യക്തമായി. തുടർന്നായിരുന്നു പ്രദേശവാസികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം. 

ഹംലത്തുമായി അബൂബക്കറിന് അടുപ്പമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ശനിയാഴ്ച സുഖമില്ലാതിരുന്നിട്ടും ഹംലത്തിനെ ലൈംഗികബന്ധത്തിന് അബൂബക്കർ നിർബന്ധിച്ചു. ഇതിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. ഹംലത്തിന് ശ്വാസം മുട്ട് ഉൾപ്പടെയുള്ള രോഗങ്ങളും ഉണ്ടായിരുന്നു. തെറ്റിദ്ധരിപ്പിക്കാനായി പ്രതി തന്നെയാണ് വീടിനകത്ത് മുളകുപൊടി വിതറിയത്. സംഭവസ്ഥലത്ത് എത്തിച്ച് പ്രാഥമിക തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

തോട്ടപ്പള്ളി ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഹംലത്തിനെ ഞായറാഴ്ച്ച വൈകുന്നേരമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന്‍റെ പിറകുവശത്തെ വാതിൽ ചവിട്ടി തുറന്ന നിലയിലായിരുന്നു. മുറിക്കുള്ളിൽ മുളകു പൊടി വിതറിയിരുന്നു. കഴുത്തിൽ ഷാൾ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌ മോർട്ടത്തിൽ കഴുത്തിലും മുഖത്തും പാടുകൾ കണ്ടെത്തിയിരുന്നു. ഇതിനാൽ തന്നെ കൊലപാതകമാണെന്ന ഉറപ്പിച്ചായിരുന്നു പൊലീസ് അന്വേഷണം. 

ഹംലത്തിന്‍റെ ആഭരണങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും എന്നാൽ, ഇവരുടെ മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ലെന്നുമാണ് പൊലിസ് പറഞ്ഞത്. ഹംലത്തിന്‍റെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതായും കണ്ടെത്തിയിരുന്നു. കെഎസ്‍ഇബി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിൽ വൈദ്യുതി കണക്ഷൻ ഞായറാഴ്ച്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് വിച്ഛേദിച്ചതെന്ന് കണ്ടെത്തി. വൈദ്യുതി മീറ്ററിൽ നിന്നു മെയിൽ സ്വിച്ചിലേക്കുള്ള വയർ വലിച്ചൂരിയിട്ടുണ്ടായിരുന്നു. എന്നാൽ ഇവിടെ നിന്ന് അന്വേഷണത്തെ സഹായിക്കുന്ന ശാസ്ത്രീയ തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല. 

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ചില ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. സംശയം തോന്നിയ പത്തിലധികം ആളുകളെ ഇതുവരെ ചോദ്യം ചെയ്തിരുന്നു. അമ്പലപ്പുഴ ഡിവൈ.എസ്.പിയുടേ നേതൃത്വത്തിലുള്ള 15 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

YouTube video player