Asianet News MalayalamAsianet News Malayalam

ആലപ്പുഴയില്‍ നാളെ ഡോക്ടർമാർ പണിമുടക്കും; കൊവിഡ് വാക്സിനേഷൻ അടക്കമുളള ജോലികളിൽ നിന്ന് വിട്ടു നിൽക്കും

കൈനകരി കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ ശരത് ചന്ദ്രബോസിന് കഴിഞ്ഞ 24നാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് ഉ‌ൾപ്പെടെ മൂന്ന് സിപിഎം നേതാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

alapuzha doctors strike kainakary over attack against doctor
Author
Alappuzha, First Published Aug 2, 2021, 5:17 PM IST

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും. വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം. അടിയന്തര ചികിത്സകളിൽ ഒഴികെ വിട്ടുനിൽക്കാനാണ് തീരുമാനം. ഒപി, കൊവിഡ് വാക്സിനേഷൻ, പരിശോധന അടക്കമുളള ജോലികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അത്യാഹിത-ഗൈനക്കോളജി വിഭാഗം മാത്രമേ നാളെ പ്രവർത്തിക്കൂ. കെജിഎംഒഎയുടെ ആഹ്വാനപ്രകാരമാണ് കൂട്ട അവധി

കൈനകരി കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ ശരത് ചന്ദ്രബോസിന് കഴിഞ്ഞ 24നാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് ഉ‌ൾപ്പെടെ മൂന്ന് സിപിഎം നേതാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മിച്ചം വന്ന വാക്സീൻ വിതരണം ചെയ്യുന്നതിന്‍റെ പേരിലാണ് പ്രാദേശിക സിപിഎം നേതാക്കളും ഡോക്ടറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നിർദേശപ്രകാരമെത്തിയ 10 പേർക്ക് കൂടി വാക്സീൻ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ കിടപ്പുരോഗികൾക്കായി മാറ്റിവച്ചതാണെന്നും നൽകാനാകില്ലെന്നും അറിയിച്ചതോടെ തന്നെ കയ്യേറ്റം ചെയ്തെന്നാണ് ഡോക്ടറുടെ പരാതി. കേസിലെ ഒന്നാം പ്രതി സിപിഎം നേതാവും കൈനകരി പഞ്ചായത്ത് പ്രസിഡണ്ടുമായ എം സി പ്രസാദ്, രണ്ടാം പ്രതിയും ലോക്കൽ സെക്രട്ടറിയുമായ രഘുവരൻ എന്നിവർ ഒളിവിൽ ആണ്. സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios