തിരുവനന്തപുരം: നിയമസഭയിലെ മുഴുവൻ ജീവനക്കാരും തിങ്കളാഴ്ച മുതൽ ജോലിക്ക് ഹാജരാകണം എന്ന് ഉത്തരവ്. ധന ബില്ല് പാസാക്കുന്നതിനായി ഈ മാസം അവസാനം നിയമസഭാ സമ്മേളനം ചേരുന്ന സാഹചര്യത്തിലാണ് ഉത്തരവ്. നിലവിൽ 50 ശതമാനം ജീവനക്കാരാണ് സർക്കാർ ഓഫീസുകളില്‍ ഹാജരാകേണ്ടത്. കണ്ടെയിന്‍മെന്‍റ്, ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ  നിന്നുള്ള ഉദ്യോഗസ്ഥരെ ഉത്തരവിൽ ഒഴിവാക്കിയിട്ടുണ്ട്. നിയമസഭയിൽ സന്ദർ‍ശകരെ അനുവദിക്കില്ല. ഓദ്യോഗിക ആവശ്യങ്ങൾക്ക് വരുന്നവരെ രേഖകൾ പരിശോധിച്ച ശേഷമേ കടത്തിവിടു.

ഉറവിടം അറിയാത്ത രോഗികൾ കൂടിയ തലസ്ഥാനത്ത് കർശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ അടുത്ത ദിവസങ്ങൾ നിർണായകമാണെന്ന് ആരോഗ്യവിദഗ്‍ധരുടെ വിലയിരുത്തൽ. നാല് പ്രദേശങ്ങളെ കൂടി കണ്ടെയിന്‍മെന്‍റ് സോണിൽ ഉൾപ്പെടുത്തി. ചെമ്മരുത്തിമുക്ക്, കുറവര,വെന്യകോട്, കേരള തമിഴ്‍നാട് അതിർത്തിയായ ഇഞ്ചിവിള എന്നീ പ്രദേശങ്ങളെയാണ് പുതുതായി കണ്ടെയിന്‍മെന്‍റ് സോണിൽ ചേർത്തത്. 
പൊലീസുകാർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. സമൂഹ വ്യാപന ഭീഷണിയുടെ മുനമ്പിലാണ് തിരുവനന്തപുരം. നഗരപരിധിയിലെ കടകള്‍ക്ക്  ഇന്നുമുതൽ  രാത്രി ഏഴ് മണി വരെ മാത്രമേ പ്രവർത്തനാനുമതി ഉള്ളു. പാളയം മാർക്കറ്റ് പൂർണമായും അടച്ചു. 

പൊലീസ് ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍  നന്ദാവനം എർ ക്യാമ്പും സെക്രട്ടറിയേറ്റും കമ്മീഷണർ ഓഫീസും അണുവിമുക്തമാക്കി. പൊലീസുകാരന്‍റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉള്ള 28 പേരുടെ സ്രവം ശേഖരിച്ചിട്ടുണ്ട്. നഗരത്തിലെ പൊലീസ് വിന്യാസം കുറച്ചു. നഗരവാസികളും നഗരത്തിലേക്ക് വരുന്നവരും മടങ്ങുന്നവരും ബ്രേക്ക് ദ് ചെയിൻ ഡയറി നിർബന്ധമായും സൂക്ഷിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശം.