Asianet News MalayalamAsianet News Malayalam

അലനും താഹയ്ക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ല, ജാമ്യ ഉത്തരവിൽ എൻഐഎ കോടതി

''യുവാക്കളായ ഇരുവർക്കും സമൂഹത്തിലെ പൊതു പ്രശ്നങ്ങളിൽ ഇടപെടാനുള്ള താൽപ്പര്യങ്ങളുണ്ടാകും. ഇതാകാം മാവോയിസ്റ്റ് അനുഭാവത്തിന് കാരണം. എന്നാൽ ഇനിയും മനംമാറ്റത്തിനുള്ള അവസരമുണ്ട്'', എന്ന് എൻഐഎ കോടതി.

allan shuhaib and twaha fazal bail order deatils
Author
Kochi, First Published Sep 9, 2020, 8:01 PM IST

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലൻ ഷുഹൈബും ത്വാഹ ഫസലും തീവ്രവാദആശയങ്ങളുടെ പ്രചാരകരായോ എന്നതിൽ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് എൻഐഎ കോടതി. എന്തെങ്കിലും തരത്തിലുള്ള അക്രമസംഭവങ്ങളിലോ, തീവ്രവാദപ്രവർത്തനങ്ങളിലോ അലനും ത്വാഹയും പങ്കെടുത്തതായി ഒരു തെളിവും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ല. അലനും ത്വാഹയും സിപിഐ (മാവോയിസ്റ്റ്) പാർട്ടിയിൽ അംഗങ്ങളാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. അലനും ത്വാഹയും കോടതി മുന്നോട്ട് വയ്ക്കുന്ന ഉപാധികൾ അനുസരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് അവരെ ഇനിയും ജയിലിൽ തുടരാൻ അനുവദിക്കാനാകില്ലെന്നും ജാമ്യ ഉത്തരവിൽ എൻഐഎ കോടതി പറയുന്നു. 

ജാമ്യവ്യവസ്ഥകളെല്ലാം പാലിക്കപ്പെട്ട ശേഷം, ഇരുവരും വെള്ളിയാഴ്ച പുറത്തിറങ്ങും. 

ചെറിയ പ്രായമുള്ളവരാണ് അലനും ത്വാഹയുമെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. അലൻ നിയമവിദ്യാർത്ഥിയാണ്. ത്വാഹ ജേണലിസം വിദ്യാർത്ഥിയും. പൊതുപ്രശ്നങ്ങളിൽ ഇടപെടാനുള്ള താത്പര്യം യുവാക്കളായ ഇരുവർക്കും ഉണ്ടായിരുന്നിരിക്കാം. അതിനാൽത്തന്നെ തീവ്ര ആശയങ്ങളുള്ള പുസ്തകങ്ങൾ അവർ തേടിപ്പിടിച്ച് വായിച്ചിരുന്നിരിക്കാം. അതൊന്നുംതന്നെ, തീവ്രവാദപ്രവർത്തനങ്ങൾ പ്രചരിപ്പിക്കുകയോ പിന്തുടരുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തു എന്നതിന് തെളിവല്ല എന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

അലനും ത്വാഹയും സ്വാധീനമുള്ള കുടുംബങ്ങളിൽ നിന്ന് വരുന്നവരല്ല, രണ്ട് പേരും മധ്യവർഗകുടുംബങ്ങളിൽ പെട്ടവരാണ്. രണ്ട് പേരും യുവാക്കളാണ്. അറസ്റ്റ് നടക്കുന്ന സമയത്ത് അലന് 19 വയസ്സാണ് പ്രായം. ത്വാഹയ്ക്ക് 23 വയസ്സും. അവർ പല രാഷ്ട്രീയ വിചാരധാരകളെക്കുറിച്ചും വായിച്ചിരിക്കാം, ബന്ധപ്പെട്ടിരിക്കാം. അതിൽ തീവ്രവാദവുമായി ബന്ധപ്പെട്ടവയും ഉണ്ടായിരിക്കാം. അതിനാലാകാം നിരോധിതസംഘടനയുമായി അവർ ബന്ധം പുലർത്തിയത്. ഇവർക്ക് രണ്ട് പേർക്കും ക്രിമിനൽ പശ്ചാത്തലമില്ല. ഇനിയും അവർ തിരുത്തലുകൾ നടത്താൻ സ്വയം കഴിവുള്ളവരാണ്. 

അതിനാൽത്തന്നെ അവർക്ക് ജാമ്യം നൽകാവുന്നതുമാണ്. പക്ഷേ, ഇത് സ്വയം നവീകരണത്തിന് വേണ്ടിയുള്ളതാണ്. നിരോധിതസംഘടനകളുമായി കൂടുതൽ ബന്ധം പുലർത്താനുള്ളതല്ല. ജനാിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാൻ അക്രമം ഉപയോഗിക്കാനാകില്ല. അത്തരത്തിൽ ചില ചിന്തകൾ ചിലർക്ക് ഉണ്ടായേക്കാമെങ്കിലും. ഇനി അവരുടെ മാനസികവും ശാരീരികവുമായ മെച്ചപ്പെടലിന് രക്ഷിതാക്കൾ നല്ല പങ്ക് വഹിക്കുമെന്ന് കരുതാം - കോടതി ഉത്തരവിൽ നിരീക്ഷിക്കുന്നു. 

2019 നവംബറിർ 2-നാണ് ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിൽ പോകുന്നത്. 10 മാസം പിന്നിട്ടിരിക്കുന്നു കസ്റ്റഡി. വിചാരണയ്ക്ക് ഇനിയും സമയമുണ്ട്. ഫൊറൻസിക് റിപ്പോർട്ടും, വോയ്സ് ടെസ്റ്റ് റിപ്പോർട്ടും വരാനിരിക്കുന്നതേയുള്ളൂ. അത് വരെ, അലനെയും ത്വാഹയെയും കസ്റ്റഡിയിൽ വയ്ക്കേണ്ടതില്ല - കോടതി ഉത്തരവിൽ വ്യക്തമാക്കി.

അലനും താഹയ്ക്കും ജാമ്യം അനുവദിച്ച് കോടതി പറഞ്ഞ ഉപാധികൾ ഇങ്ങനെയാണ്: ഓരോ ലക്ഷം രൂപയുടെ ബോണ്ട് ഹാജരാക്കണം. ജാമ്യം നിൽക്കുന്നവരിൽ ഒരാൾ പ്രതികളുടെ രക്ഷിതാവും രണ്ടാമത്തേയാൾ അടുത്ത ബന്ധുവും ആകണം. എല്ലാ ശനിയാഴ്ചയും അലനും ത്വാഹയും തൊട്ടടുത്ത പൊലീസ് സ്റ്റേഷനുകളിൽ ഹാജരായി ഒപ്പിടണം. 

അലനും താഹയ്ക്കും ജാമ്യം അനുവദിച്ചുള്ള ഉത്തരവ് ഇവിടെ:

Alan Thaha.pdf by Asianetnews Online

Follow Us:
Download App:
  • android
  • ios