തിരുവനന്തപുരം: റെയിൽവേ പൊലീസിലെ ഗ്രേഡ് എസ്ഐ സ്വയംവിരമിക്കലിന് അപേക്ഷ നൽകാൻ കാരണം മേലുദ്യോഗസ്ഥന്‍റെ മാനസിക പീഡനം മൂലമെന്ന് പരാതി. ഗ്രേഡ് എസ്ഐ അസീമാണ് സ്വയംവിരമിക്കലിന് അപേക്ഷ നൽകിയത്.  

നിരന്തമായി എസ്ഐ മാനസികമായി പീഡിപ്പിക്കുവെന്നാണ് അസീമിന്‍റെ പരാതി. ചെറിയ കാര്യങ്ങള്‍ക്കുപോലും കാരണം കാണിക്കൽ നോട്ടീസ് നൽകിയ വകുപ്പതല നടപടികളിലേക്ക് തള്ളിവിടാനുള്ള ശ്രമം നടത്തുവെന്നും അസീം ആരോപിക്കുന്നു. രണ്ട് വർഷം സർവ്വീസ് ബാക്കി നിൽക്കേയാണ് സ്വയംവിരമിക്കലിന് അപേക്ഷ നൽകിയത്.

റെയിൽവേ പൊലീസ് എസ്ഐ സുരേഷിനെതിരെയാണ് പരാതി ഉന്നയിക്കുന്നത്. പൊലീസുകാരുടെ മാനസിക സംഘർഷം കുറയ്ക്കുന്നത് പൊലീസ് സ്റ്റേഷനുകള്‍ സൗഹാർദ കേന്ദ്രമാക്കണമെന്ന് മുഖ്യമന്ത്രി പൊലീസ് സംഘടനകളുടെ യോഗത്തിൽ ആവശ്യപ്പെട്ട് മണിക്കൂറുകള്‍ കഴിയുന്നതിന് മുമ്പാണ് തലസ്ഥാനത്ത് നിന്നും സേനക്ക് നാണക്കേടുണ്ടാക്കുന്ന റിപ്പോർട്ടുണ്ടാകുന്നത്. 

എന്നാൽ ആരോപണങ്ങള്‍ എസ്ഐ സുരേഷ് തള്ളി. ജോലിയുണ്ടാകുന്ന വീഴ്ച മേലുദ്യോഗസ്ഥരെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഗ്രേഡ് എസ്ഐയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും എസ്ഐ പറഞ്ഞു. സ്വയംവിരമിക്കലിനുള്ള ഗ്രേഡ് എസ്ഐയുടെ അപേക്ഷ ലഭിച്ചയാതും എസ്ഐ പറ‌ഞ്ഞു.