കൊച്ചി: കൊച്ചി മട്ടാഞ്ചേരിയിൽ മുടങ്ങി കിടക്കുന്ന പാർപ്പിട ഭവന പദ്ധതിയിലെ കരാർ കമ്പനിക്ക് കൊച്ചി കോർപ്പറേഷൻ ചട്ടവിരുദ്ധമായി സഹായം നൽകിയതായി കണ്ടെത്തൽ. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലെ സ്റ്റേറ്റ് പെർഫോർമൻസ് ഓഡിറ്റ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ടിലാണ് ക്രമക്കേടുകൾ അടക്കമിട്ട് നിരത്തുന്നത്. സിറ്റ്കോ എന്ന നിർമ്മാണ കമ്പനിക്ക് മേയർ സൗമിനി ജെയിന്‍റെ അനുമതിയിൽ 91ലക്ഷം രൂപ സെക്യൂരിറ്റി തുക തിരിച്ച് നൽകിയതിലാണ് വീഴ്ച കണ്ടെത്തിയിരിക്കുന്നത്.

രാജീവ് ഗാന്ധി ആവാസ് യോജന പദ്ധതി പ്രകാരം 12 നിലകളുള്ള ഫ്ളാറ്റ്. മട്ടാഞ്ചേരി തുരുത്തി കോളനിക്കാർക്ക് 300 ചതുരശ്ര അടി വിസ്തീർണത്തിൽ ഫ്ലാറ്റുകളുടെ സമുച്ചയം. 2017 ഫെബ്രുവരിയിലാണ് സിറ്റ്കോ കമ്പനി കരാർ ഏറ്റെടുത്തത്. മൂന്ന് വർഷമാകുമ്പോൾ ഫ്ലാറ്റിന്‍റെ ഒരു നില മാത്രം പണിത കമ്പനി ഇത് വരെ കൈപ്പറ്റിയത് പത്ത് കോടി രൂപയും. എന്നാൽ ഈ കമ്പനിക്കായി കൊച്ചി കോർപ്പറേഷൻ നൽകിയ വഴിവിട്ട സഹായങ്ങളിലാണ് ദുരൂഹത ഉയരുന്നത്.

പദ്ധതി നിർമ്മാണത്തിനിടെ 2019 ജൂണിൽ 91.22 ലക്ഷം രൂപ സെക്യൂരിറ്റി തുക കമ്പനി തിരിച്ച് നൽകിയത് എല്ലാം ചട്ടങ്ങളും ലംഘിച്ചാണ്. കരാറുകാരന് സെക്യൂരിറ്റി തുക തിരിച്ച് നൽകുന്നതിൽ സൂപ്രണ്ടിംഗ് എഞ്ചിനീയർ ഉൾപ്പെടുന്ന സാങ്കേതിക വിഭാഗം അസാധാരണ തിടുക്കം കാട്ടി. മേയർക്കും,സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾക്കും ജാഗ്രതക്കുറവുണ്ടായി. വികലമായ രീതിയിൽ നടപ്പാക്കിയ പദ്ധതിയുടെ കരാറുകാരനെ നഗരസഭ കേന്ദ്രങ്ങൾ വഴിവിട്ട് സഹായിച്ചു. 

ഈ സാഹചര്യത്തിൽ സിറ്റ്കോ അസോസിയേറ്റ്സിന് അനധികൃതമായി നൽകിയ 91.22 ലക്ഷം രൂപ അടിയന്തരമായി തിരിച്ചടപ്പിക്കാനുള്ള നടപടികൾ കോർപ്പറേഷൻ സമയബന്ധിതമായി സ്വീകരിക്കണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.ഈ തുക കരാറുകാരൻ തിരിച്ചടക്കും വരെ കോർപ്പറേഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയർ, അഡീഷണൽ സെക്രട്ടറി, മേയർ എന്നിവരുടെ സംയുക്ത ബാധ്യതയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണവകുപ്പിന് പ്രതിപക്ഷ കൗൺസിലർമാർ നൽകിയ പരാതിയിലാണ് സ്റ്റേറ്റ് പെർഫോർമൻസ് ഓഡിറ്റ് ഓഫീസർ അന്വേഷണം നടത്തിയത്. പദ്ധതി തുക 39 കോടി രൂപയാക്കി ഉയർത്തണമെന്ന് കരാറുകാരൻ ആവശ്യപ്പെട്ടതോടെ സംസ്ഥാന സർക്കാർ ഇടപെട്ട് പദ്ധതി റീടെൻഡർ ചെയ്തിരിക്കുകയാണ്.റിപ്പോർട്ട് തുടർനടപടികൾക്കായി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയുടെ പരിഗണനയിലാണ്. പദ്ധതി മുടങ്ങാതിരിക്കാനാണ് കരാർ കമ്പനിക്ക് പണം നൽകിയതെന്നാണ് മേയര്‍ സൗമിനി ജെയിന്‍റെ വിശദീകരണം.