ഫോർട്ട്കൊച്ചി സബ്കളക്ടർ ഓഫീസിലെ സീനിയർ സൂപ്രണ്ട് മുതൽ ഡ്രൈവർ വരെയുള്ള 24 ജീവനക്കാരെയാണ് ജില്ല കളക്ടർ ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. നികത്ത് ഭൂമി തരം മാറ്റുന്നതിനായി ഫോർട്ട്കൊച്ചി ഓഫീസിലെ ജീവനക്കാർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി പരാതി ഉയർന്നിരുന്നു. 

കൊച്ചി: അഴിമതി ആരോപണത്തെ തുടർന്ന് ഫോർട്ട്കൊച്ചി റവന്യൂ ഓഫീസിൽ കൂട്ടസ്ഥലമാറ്റം. വ്യാപക പരാതിയെ തുടർന്ന് 24 ജീവനക്കാരെ ജില്ലകളക്ടർ സ്ഥലം മാറ്റി. ഭൂമി തരം മാറ്റുന്നതിന് വ്യാപകമായി കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നടപടി.

ഫോർട്ട്കൊച്ചി സബ്കളക്ടർ ഓഫീസിലെ സീനിയർ സൂപ്രണ്ട് മുതൽ ഡ്രൈവർ വരെയുള്ള 24 ജീവനക്കാരെയാണ് ജില്ല കളക്ടർ ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. നികത്ത് ഭൂമി തരം മാറ്റുന്നതിനായി ഫോർട്ട്കൊച്ചി ഓഫീസിലെ ജീവനക്കാർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി പരാതി ഉയർന്നിരുന്നു. കൊവിഡ് കാലത്ത് പരാതികൾ സ്വീകരിക്കുന്നതിനായി ആർഡി ഓഫീസിൽ പരാതിപ്പെട്ടി വച്ചു. പിന്നീട് പരാതിക്കാരെ വിളിച്ച് തരം പോലെ ഓരോന്നിനും പതിനായിരം മുതൽ ലക്ഷം രൂപ വരെ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇത് സംബന്ധിച്ച് റവന്യൂ മന്ത്രിക്കും ലാൻഡ് റവന്യൂ കമ്മീഷണർക്കും ഉൾപ്പെടെ ലഭിച്ച പരാതികളിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് നടപടി.

റവന്യൂ വകുപ്പ് ജീവനക്കാരെ മൂന്ന് വർഷം കൂടുമ്പോൾ സ്ഥലം മാറ്റേണ്ടതാണ്. എന്നാൽ 10 വർഷത്തിൽ അധികമായി ഒരേ സെക്ഷനിൽ ജോലി ചെയ്യുന്ന ജീവനക്കാർ വരെ ഇവിടെയുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ വിവിധ റവന്യൂ ഓഫീസുകളിലേക്കാണ് മാറ്റം. എല്ലാവരും ഇന്ന് തന്നെ പുതിയ ഓഫീസിൽ ചുമതലയേൽക്കണം. അടുത്തിടെ സ്ഥലം മാറിയെത്തിയ മൂന്ന് ജീവനക്കാരെയും സബ്കളക്ടറെയും മാത്രമാണ് സ്ഥലംമാറ്റത്തിൽ നിന്നൊഴിവാക്കിയത്. ഒരു ജീവനക്കാരനെ സബ്കളക്ടർ കഴിഞ്ഞ ആഴ്ച സ്ഥലം മാറ്റിയതിൽ മറ്റ് ജീവനക്കാർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അഴിമതി ആരോപണത്തിൽ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ജില്ലഭരണകൂടം അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona