കൽപറ്റ: വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ യുവതിയെയും യുവാവിനെയും നടുറോഡിൽവച്ച് ക്രൂരമായി മർദ്ദിക്കുകയും യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി സജീവാനന്ദനെ കോടതിയിൽ ഹാജരാക്കി. സംഭവത്തിന് ശേഷം കർണാടകയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സജീവാനന്ദനെ കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം പിടികൂടിയത്.

പ്രതിയെ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സജീവാനന്ദൻ കൽപറ്റ കോടതിയിൽ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. വൈകാതെ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു.

കേസിലെ രണ്ടാം പ്രതിയായ വിജയകുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം നേമത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിജയകുമാർ ലീസിനെടുത്ത് അമ്പലവയലിൽ നടത്തിയിരുന്ന ലോഡ്ജിൽ വച്ചാണ് യുവതിയും യുവാവും സദാചാര ഗുണ്ടായിസത്തിന് ഇരയായത്.