കോട്ടയം: കൊവിഡ് സ്ഥിരീകരിച്ച രോഗികളെ കൊണ്ടുപോകാനുള്ള ആംബുലൻസ് വരാൻ വൈകിയതിനെ തുടർന്ന് ഇവരെ ആശുപത്രിയിലെത്തിക്കാനും വൈകി. നിരീക്ഷണത്തിൽ കഴിയുന്ന മണർകാട് സ്വദേശിയായ ട്രക്ക് ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റുന്നതിലാണ് താമസം നേരിട്ടത്.

ആംബുലൻസ് എത്താനുണ്ടായ കാലതാമസമാണ് കാരണം. വൈകിട്ട് അഞ്ച് മണിയോടെയാണ് ട്രക്ക് ഡ്രൈവറുടെ പരിശോധനാ ഫലം ലഭിച്ചത്. ഇദ്ദേഹത്തോട് അപ്പോൾ തന്നെ ഒരുങ്ങിയിരിക്കാനും നിർദ്ദേശിച്ചിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി മടങ്ങി. ജില്ലയിൽ ഇന്ന് ആറ് പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13 പേർ രോഗമുക്തരായി. ഇടുക്കിയിൽ നാല് പേരും പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഒന്ന് വീതവുമാണ് മറ്റ് രോഗ ബാധിതർ.

ഇതിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. ഒരാൾ വിദേശത്ത് നിന്നെത്തി. ഒരാൾക്ക് എങ്ങിനെയാണ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയെന്നും വ്യക്തമായിട്ടുണ്ട്.

കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി(40)യാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാൾ. മുട്ടമ്പലം സ്വദേശിയാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയിൽ നിന്ന് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. കുഴിമറ്റം സ്വദേശിനി(56)യായ മറ്റൊരാൾക്ക് രോഗം സ്ഥിരീകരിച്ചതും സമ്പർക്കത്തിലൂടെയാണ്. തിരുവനന്തപുരത്തു നിന്ന് എത്തിയ ആരോഗ്യപ്രവര്‍ത്തകന്റെ ബന്ധുവാണ് ഇവർ.

മണർകാട് സ്വദേശിയായ ട്രക്ക് ഡ്രൈവർ കോഴിക്കോട് ജില്ലയിൽ പോയിരുന്നു. ചങ്ങനാശേരിയില്‍ താമസിക്കുന്ന ആക്രി കച്ചവടം ചെയ്യുന്ന തമിഴ്‌നാട് സ്വദേശി(46) തൂത്തുക്കുടിയില്‍ പോയി വന്നതാണ്. സേലത്തുനിന്ന് വന്ന ബാങ്ക് ജീവനക്കാരി(28) മേലുകാവുമറ്റം സ്വദേശിനിയാണ്. വടവാതൂര്‍ സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്(40) നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചെന്നുമാണ് കരുതുന്നത്.

കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിക്കുകയും ചിലരില്‍ വൈറസ് പകര്‍ന്നത് എവിടെനിന്നെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ സാമ്പിള്‍ പരിശോധന ഊര്‍ജ്ജിതമാക്കും. ആരോഗ്യ വകുപ്പ് നിര്‍ണയിച്ചിട്ടുള്ള പ്രോട്ടോക്കോള്‍ പ്രകാരം പ്രതിദിനം ഇരുന്നൂറു സാമ്പിളുകള്‍ വരെ ശേഖരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി.   

രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കു പുറമെ ഗര്‍ഭിണികള്‍, വയോജനങ്ങള്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരെയും പരിശോധനയ്ക്ക് വിധേയരാക്കും.  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കോട്ടയം, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളിലും സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്.