ഇടുക്കി: വണ്ടിപ്പെരിയാറിൽ കൊവിഡ് രോഗികൾക്ക് ആംബുലൻസ് വിട്ടുകൊടുക്കാതെ ആരോഗ്യപ്രവർത്തകർ ബുദ്ധിമുട്ടിച്ചെന്ന് ആരോപിച്ച് ബന്ധുക്കളുടെ നിരാഹാര സമരം. അനാസ്ഥക്കെതിരെ പരാതിപറഞ്ഞ തനിക്കെതിരെ ആരോഗ്യപ്രവർത്തകർ കള്ളക്കേസ് കൊടുത്തെന്നും വണ്ടിപ്പെരിയാർ സ്വദേശിയായ കുടുംബനാഥൻ ആരോപിച്ചു.

'ഇത് രണ്ടാം തവണയാണ് ആരോഗ്യപ്രവർത്തകരിൽ നിന്ന് മോശം അനുഭവം ഉണ്ടാകുന്നത്. ആദ്യ തവണ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ആംബിലൻസ് വിട്ടു നൽകാൻ ആരോഗ്യ പ്രവർത്തകർ തയ്യാറായില്ല.  അന്ന് തലയിൽ മുണ്ടിട്ടു നടത്തിയാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത്'. പിന്നീട് അമ്മയ്ക്കും മക്കൾക്കും രോഗം സ്ഥിരീകരിച്ചപ്പോഴും സമാന സ്ഥിതി ആവർത്തിക്കുകയായിരുന്നുവെന്നും കുടുംബനാഥൻ ആരോപിച്ചു. 

അതേസമയം വളരെ കുറച്ച്  ആംബുലൻസുകൾ മാത്രമേ രോഗികളെ കൊണ്ടുവരാൻ ഉള്ളതെന്നും, അതു കൊണ്ടാണ് ഇവരുടെ അടുത്തേക്ക് എത്താൻ വൈകിയതെന്നും ആരോഗ്യപ്രവർത്തകർ പ്രതികരിച്ചു. ആരോഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനാലും അസഭ്യം പറഞ്ഞതും കൊണ്ടാണ് കേസ് കൊടുത്തത്. ഇക്കാര്യം മറച്ചുവെക്കാനാണ് നിരാഹാര  സമരം നടത്തുന്നതെന്ന് വണ്ടിപ്പെരിയാർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആരോപിച്ചു.