Asianet News MalayalamAsianet News Malayalam

അപ്പർ ഡെക്കിലെ യാത്ര വിലക്കണം; സംസ്ഥാനത്ത് ബോട്ട് യാത്രയ്ക്ക് കർശന നിർദേശങ്ങൾ മുന്നോട്ടുവച്ച് അമിക്കസ് ക്യൂറി

ബോട്ട് പുറപ്പെടുന്ന ഓരോ കേന്ദ്രത്തിലും പോര്‍ട്ട് ഓഫീസര്‍ക്ക് കീഴിലുളള ഉദ്യോഗസ്ഥന്‍റെ മേല്‍നോട്ടം വേണമെന്നും എല്ലാ യാത്രികരുടെയും വിവരങ്ങള്‍ രജിസ്റ്ററായി സൂക്ഷിക്കണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നിര്‍ദ്ദശിക്കുന്നു.

amicus curiae forward strict guidelines for boat travel in kerala nbu
Author
First Published Oct 28, 2023, 7:10 AM IST

കോഴിക്കോട്: താനൂരിലേത് പോലുളള ബോട്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള ശക്തമായ നിര്‍ദ്ദേശങ്ങള്‍ അമിക്കസ് ക്യൂറി ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ചെങ്കിലും ഇത് നടപ്പാക്കാനുളള സംവിധാനങ്ങളോ ജീവനക്കാരോ സംസ്ഥാനത്ത് പരിമിതം. ബോട്ട് പുറപ്പെടുന്ന ഓരോ കേന്ദ്രത്തിലും പോര്‍ട്ട് ഓഫീസര്‍ക്ക് കീഴിലുളള ഉദ്യോഗസ്ഥന്‍റെ മേല്‍നോട്ടം വേണമെന്നും എല്ലാ യാത്രികരുടെയും വിവരങ്ങള്‍ രജിസ്റ്ററായി സൂക്ഷിക്കണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നിര്‍ദ്ദശിക്കുന്നു.

ഒക്ടോബര്‍ ഏഴിന് താനൂരിലെ തൂവല്‍ തീരത്ത് 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തെത്തുടര്‍ന്നായിരുന്നു വിഷയത്തില്‍ സ്വമേധയാ ഇടപെട്ട ഹൈക്കോടതി സമാനമായ ദുരന്തങ്ങള്‍ ആവര്‍ത്തിക്കിതിരിക്കാനായി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. ഉള്‍നാടന്‍ ജലഗതാഗതവുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളില്‍ നിന്നും താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ വിവിധ ഉദ്യോഗസ്ഥരില്‍ നിന്നും നടത്തിയ വിവരശേഖരണത്തിനൊടുവിലാണ് അമിക്കസ് ക്യൂറി ഹൈക്കോടതി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകളും ശുപാര്‍ശകളും ഇങ്ങനെ..

  • കേന്ദ്ര ഉള്‍നാടന്‍ ജലാഗത നിയമവും ഇതിന്‍റെ ചുവടുപിടിച്ചുളള ചട്ടങ്ങളും നിലവിലുണ്ടെങ്കിലും ഇത് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനുളള എന്‍ഫോഴ്മെന്‍റ് വിഭാഗം ഇപ്പോഴുമില്ല. 
  • തട്ടേക്കാട്, കുമരകം, തേക്കടി ബോട്ട് ദുരന്തങ്ങള്‍ അന്വേഷിച്ച വിവിധ കമ്മീഷനുകള്‍ ചൂണ്ടിക്കാട്ടിയ ഈ പ്രശ്നം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. 
  • യാനങ്ങളുടെ ഡിസൈന്‍ നിര്‍മാണം തുടങ്ങിയ കാര്യങ്ങളില്‍ മേല്‍നോട്ടം ഉണ്ടാകുന്നില്ല. 
  • പരിധിയില്‍ കൂടുതല്‍ ആളെ കയറ്റുകയും ലൈഫ് ജക്കറ്റ് ഇല്ലാതെ സര്‍വീസ് നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും ഇതൊന്നും നിയന്ത്രിക്കാന്‍ കഴിയുന്നില്ല. 

ഈ സാഹചര്യത്തില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള കര്‍ശന നടപടികള്‍ പോര്‍ട്ട് ഓഫീസര്‍ സ്വീകരിക്കണമെന്നാണ് അമിക്കസ് ക്യൂറി വിഎം ശ്യാംകുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ബോട്ട് പുറപ്പെടുന്ന ഓരോ കേന്ദ്രങ്ങളിലും മേല്‍നോട്ടം ഉണ്ടാകണം, യാത്രികരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ആയി സൂക്ഷിക്കണം, അപ്പര്‍ ഡെക്കിലുള്‍പ്പെടെ യാത്രക്കാര്‍ കയറുന്നില്ലെന്ന് ഉറപ്പാക്കണം, യാത്രയ്ക്ക് മുമ്പ് ജീവനക്കാര്‍ യാത്രക്കാര്‍ക്ക് സുരക്ഷ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു എന്നും ഉറപ്പാക്കണം എന്നിവയാണ് അമിക്കസ് ക്യൂറി മുമ്പോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍. 

എന്നാല്‍ എന്‍ഫോഴ്‍മെന്‍റ് വിഭാഗം ഇതുവരെ രൂപീകരിക്കാത്തതും ഉള്‍നാടന്‍ ജല ഗതാഗതത്തിന്‍റെ പ്രധാന ചുമതലയുളള മാരിംടൈം ബോര്‍ഡില്‍ ജീവനക്കാരില്ലാത്തതുമാണ് പരിമിതി. ആലപ്പുഴയില്‍ മാത്രം എണ്ണൂറിലധികം യാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. പുതിയ ടൂറിസം കേന്ദ്രങ്ങളോടനുബന്ധിച്ച് കൂടുതല്‍ ബോട്ടുകള്‍ രജിസ്ട്രേഷന്‍ എടുക്കുന്നുമുണ്ട്. ഇവിടെയെല്ലാം ജീവനക്കാരെ നിയോഗിക്കുക നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്ന് മാരിടൈം ബോര്‍ഡ് വിശദീകരിക്കുന്നു. പരിസോധനകള്‍ക്കായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കുമെന്ന് പ്രഖ്യാപനവും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പായിട്ടില്ല.

Follow Us:
Download App:
  • android
  • ios