തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ശിവശങ്കറിന്‍റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റിന് ശേഷം ഇതാദ്യമായാണ് സമ്പൂർണ്ണ സെക്രട്ടറിയേറ്റ് ചേരുന്നത്. സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തിലും ബിനീഷ് വിഷയത്തിലും കേന്ദ്ര ഏജൻസികൾക്കെതിരായ പ്രചാരണം ശക്തമാക്കാനാണ് സിപിഎം നീക്കം.

ബിനീഷ് വിഷയത്തിൽ നിന്നും ഒഴിഞ്ഞ് മാറുമ്പോഴും ബിനീഷിന്‍റെ വീട്ടിലെ ഇഡിയുടെ വിവാദ നടപടികൾ രാഷ്ട്രീയമായി ഉയർത്താനും സിപിഎം തയ്യാറെടുക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ നേരിടുന്ന പ്രതിസന്ധി മറികടക്കുകയാണ് സിപിഎമ്മിന് മുന്നിലെ വെല്ലുവിളി.

ബിനീഷ് വിഷയം നാണക്കേടാകുമ്പോൾ കോടിയേരി സംസ്ഥാന സെക്രട്ടറി പദത്തിൽ നിന്നും മാറി നിൽക്കുമെന്ന ചർച്ചകളും ശക്തമാണ്. കേന്ദ്ര നേതൃത്വം ഇത് തള്ളുമ്പോഴും തെരഞ്ഞെടുപ്പ് കാലത്ത് ബിനീഷിന്‍റെ അറസ്റ്റ് ഉണ്ടാക്കുന്ന ആഘാതമാണ് സിപിഎമ്മിന് മുന്നിലെ പ്രതിസന്ധി. മുഖ്യമന്ത്രിയുടെ വിശ്വസ്തൻ സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിൽ നിർത്തുന്നു.