ദില്ലി: അയോധ്യ കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെ രാജ്യത്തെ മുഖ്യമന്ത്രിമാരുമായി അമിത് ഷാ ടെലിഫോണില്‍ സംസാരിച്ചു. സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിഗതികള്‍ മുഖ്യമന്ത്രിമാര്‍ അമിത് ഷായെ ധരിപ്പിച്ചു. പൊതുസ്ഥിതി വിലയിരുത്തിയ അഭ്യന്തരമന്ത്രി ക്രമസമാധാനം ഉറപ്പാക്കാന്‍ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. 

രാവിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അമിത് ഷാ സ്ഥിഗതികള്‍ വിലയിരുത്തിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും ഐബിയടക്കമുള്ള രഹസ്യാന്വേഷണ ഏജന്‍സികളുടെ മേധാവിമാരും യോഗത്തില്‍ പങ്കെടുത്തു. യോഗത്തിന് പിന്നാലെ അമിത് ഷായുടെ ഇന്നത്തെ പൊതുപരിപാടികളെല്ലാം റദ്ദാക്കി കൊണ്ടുള്ള അറിയിപ്പ് പുറത്തു വന്നിട്ടുണ്ട്.