കണ്ണൂർ/തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ വ്യോമസേനാ വിമാനം തകർന്ന് മരിച്ച മൂന്ന് മലയാളികളുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് നടക്കും. തൃശ്ശൂർ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ്, കൊല്ലം അഞ്ചൽ സ്വദേശി അനൂപ് കുമാർ, കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി എൻ കെ ഷരിൻ എന്നിവരുടെ സംസ്കാര ചടങ്ങുകളാണ് ഇന്ന് നടക്കുക. മൂവരുടെയും മൃതദേഹങ്ങള്‍ ഇന്ന് രാവിലെയാണ് നാട്ടിലെത്തിച്ചത്. 

രാവിലെ 7.15ന് തിരുവനന്തപുരം വ്യോമസേന വിമാനത്താവളത്തിൽ എത്തിച്ച ഭൗതിക ശരീരം മന്ത്രി കെ രാജുവിന്‍റെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയാണ് നാട്ടിൽ എത്തിച്ചത്. അഞ്ചൽ ഇടമുളക്കലിൽ നിന്ന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചു. അനൂപ് കുമാർ പഠിച്ച ഏരൂർ ഹൈസ്ക്കൂളിലും വീട്ടിലും പൊതുദർശനത്തിന് വച്ച ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ. 

കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി കോർപ്പറൽ എൻ കെ ഷരിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ണൂർ വിമാനത്താവളത്തിലാണ് എത്തിച്ചു. ഷരിൻ പഠിച്ച അഞ്ചരക്കണ്ടി വിശ്വവിനോദിനി എൽ പി സ്കൂളിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും. ഈ മാസം മൂന്നിനാണ് ആസാമിലെ ജോഹാര്‍ട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മേചുകയിലേക്ക് പുറപ്പെട്ടെ എഎന്‍ 32 വിമാനം കാണാതായത്. തൃശൂർ സ്വദേശി വിനോദിന്‍റെ  മൃതദേഹവും വീട്ടിലെത്തിച്ചു. കോയമ്പത്തൂരിലെ വീട്ടിലാണ് ഇന്ന് രാവിലെ മൃതദേഹം എത്തിച്ചത്. 

മൂന്ന് മലയാളികളുണ്ടായിരുന്ന വ്യോമസേനാ ചരക്ക് വിമാനം അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 13 പേരാണ് മരിച്ചത്. വിമാനം കാണാതായതിന് ശേഷം എട്ടുദിവസത്തെ തെരച്ചിലിനൊടുവിലാണ് അരുണാചലിലെ  വടക്കന്‍ ലിപോയ്ക്ക് സമീപം വിമാനാവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വിനോദിന്‍റെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുകയാണ്.