സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങുന്നത് നാശമുണ്ടാക്കുമെന്ന കാന്തപുരത്തിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ ഷംസീർ രൂക്ഷവിമർശനം ഉന്നയിച്ചു. സ്ത്രീയും പുരുഷനും തുല്യരാണെന്നും രാജ്യത്തിന്റെ ഭരണഘടനയെ അംഗീകരിക്കാൻ കാന്തപുരം തയ്യാറാകണമെന്നും മുൻ സ്പീക്കർ ആവശ്യപ്പെട്ടു

കണ്ണൂർ: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്‍റെ വിവാദ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് മുൻ സ്പീക്കർ എ എൻ ഷംസീർ രംഗത്ത്. കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവന പൊതുസമൂഹത്തിന് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്ന് ഷംസീർ അഭിപ്രായപ്പെട്ടു. ഇന്ത്യയിലിരുന്ന് പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് കാന്തപുരം പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീയും പുരുഷനും തുല്യരാണെന്ന വസ്തുത അംഗീകരിക്കാൻ കാന്തപുരം തയ്യാറാകണമെന്നും, രാജ്യത്തെ ഭരണഘടനയും ലിംഗസമത്വവും ഉയർത്തിപ്പിടിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും സി പി എം തലശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി കൊളശേരിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഷംസീർ തുറന്നടിച്ചു.

കാന്തപുരത്തെ വിമർശിച്ച് മുഖ്യമന്ത്രി

അതേസമയം കാന്തപുരത്തിന്‍റെ സ്ത്രീ വിരുദ്ധ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി വി ഡി സതീശനടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. സ്ത്രീകൾ പൊതുവേദികളിൽ എത്തുന്ന കാര്യത്തിൽ കാന്തപുരത്തിന്റേത് 19 -ാം നൂറ്റാണ്ടിലെ നിലപാട് എന്നാണ് മുഖ്യമന്ത്രി വിമർശിച്ചത്. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഭരണഘടനാപരമായ തുല്യത റദ്ദ് ചെയ്യാനുള്ള ലൈസൻസ് ആർക്കുമില്ലെന്നാണ് വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പ്രതികരിച്ചത്. അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി പ്രതിലോമകരമാണ്. മാറുമറയ്ക്കാനുള്ള അവകാശത്തിനായി ഉജ്ജ്വല പോരാട്ടം നടന്ന നാടാണ് കേരളമെന്നും റോജി ചൂണ്ടിക്കാട്ടി. രാജ്യം നിലനിൽക്കുന്നത് ഭരണഘടനാപരമായ തുല്യനീതിയിലാണ്. ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ സ്ത്രീകൾക്ക് കൂടിയുള്ളതാണ്. ചരിത്രത്തിന്‍റെ ചക്രത്തെ പിന്നോട്ട് തിരിക്കാൻ ശ്രമിക്കുന്നവരെ കാലം തിരിച്ചറിയുമെന്നും റോജി ഫേസ്ബുക്കിൽ കുറിച്ചു. പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നും പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കം കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിൽ കഴിഞ്ഞ ദിവസമാണ് കാന്തപുരം അഭിപ്രായപ്പെട്ടത്.