അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയ അവസ്ഥയിൽ അടിയന്തര അന്വേഷണം നടത്താൻ നിർദേശം. സ്റ്റേഡിയത്തിന്‍റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസിന്‍റെ `തുറക്കാത്ത വാതിൽ' പരമ്പരയിലൂടെയാണ് പുറത്ത് കൊണ്ടുവന്നത്.  

കോട്ടയം: കോട്ടയം അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയാവസ്ഥയിൽ ഇടപെട്ട് കായിക മന്ത്രി ഒ ജെ ജനീഷ്. അടിയന്തര അന്വേഷണം നടത്താൻ കായിക വകുപ്പ് ഡയറക്ടക്ക് മന്ത്രി നിർദേശം നൽകി. ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്ന് പ്രവർത്തിക്കാതെ നശിക്കുന്ന സ്റ്റേഡിയത്തിന്‍റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസിന്‍റെ `തുറക്കാത്ത വാതിൽ' പരമ്പരയിലൂടെയാണ് പുറത്ത് കൊണ്ടുവന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അയ്മനം ഇൻഡോ‍ർ സ്റ്റേഡിയത്തിന്‍റെ ദുരിതം പുറത്തറിയിച്ചതിന് പിന്നാലെ 24 മണിക്കൂറിനുള്ളിലാണ് മന്ത്രി ഒ ജെ ജനീഷിന്‍റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. അഴിമതി നിറഞ്ഞ നിർമ്മാണത്തിൽ അടിയന്തര അന്വേഷണം മന്ത്രി പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കകം സമഗ്ര അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് കായിക വകുപ്പ് ഡയറക്ടർക്ക് മന്ത്രിയുടെ നിർദേശം. നിലവിലെ സ്റ്റേഡിയത്തിന്‍റെ അവസ്ഥ സംബന്ധിച്ച് കായിക വകുപ്പ് ഡയറക്ടർ വിശദമായ അന്വേഷണം നടത്തും. 2021 ഫെബ്രുവരിയിലാണ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയതത്. പക്ഷെ നാളിതുവരെ ഒരിക്കൽ പോലും സ്റ്റേഡിയം ഉപയോഗിക്കാൻ കഴിഞ്ഞില്ല. കിഫ്ബിയിൽ നിന്ന് 5 കോടി 16 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിർമ്മിച്ചത്. മേൽനോട്ടം കിറ്റ്കോയ്ക്ക് ആണ്. ഉദ്ഘാടനം കഴിഞ്ഞ് ആറാം മാസം സ്റ്റേഡിയത്തിന്‍റെ തറ പൊളിഞ്ഞു. ചുവരുകളിൽ വിള്ളൽ വീണു. നിലവിൽ സ്ഥിതി ഏറെ പരിതാപകരമാണ്. പൂർണമായും കാട് കയറി നശിച്ച സ്റ്റേഡിയും ഉപയോഗ ശൂന്യമാണ്. ഏത് നിമിഷവും അടർന്നു വീഴാൻ സാധ്യതയുള്ള ഭിത്തികൾ അപകടഭീഷണിയിലാണ്.