പൊതുമേഖലയെ സംരക്ഷിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. സര്‍ക്കാര്‍ സഹായം തേടുന്നത് ഒരു കുറവാണെന്ന് ചിലര്‍ കരുതുന്നു. ആ തോന്നല്‍ സിഐടിയുവിനില്ലെന്നും ആനത്തലവട്ടം
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ (KSRTC) പ്രതിസന്ധിയിൽ ഗതാഗതമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സിഐടിയു. തൊഴിലാളികൾക്ക് ശമ്പളം നൽകേണ്ടതിന്‍റെ ഉത്തരവാദിത്തം മാനേജ്മെന്‍റിന് മാത്രല്ല, സർക്കാരിന്‍റേത് കൂടിയാണെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു (Anathalavattom Anandan). കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ സഹായിക്കില്ലെന്ന മന്ത്രിയുടെ പ്രസ്താവന തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടാക്കി. പൊതുമേഖലയെ സംരക്ഷിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. സര്‍ക്കാര്‍ സഹായം തേടുന്നത് ഒരു കുറവാണെന്ന് ചിലര്‍ കരുതുന്നു. ആ തോന്നല്‍ സിഐടിയുവിനില്ല. കെഎസ്ആര്‍ടിസി സ്വന്തം കാലില്‍ നിന്ന ചരിത്രമില്ലെന്നും ആനത്തലവട്ടം പറഞ്ഞു.

കെഎസ്ആർടിസിയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം നിർദ്ദേശിക്കുന്ന ബദൽ രേഖ ജൂൺ ആറിന് സിഐടിയു പുറത്തുവിടും. തല്‍ക്കാലം പണിമുടക്ക് സമരത്തിലേക്കില്ലെങ്കിലും അന്നുമുതൽ അനിശ്ചിതകാല പ്രക്ഷോഭവും തുടങ്ങും. അതിനിടെ സർക്കാർ സഹായത്തിന് കാത്തുനിൽക്കാതെ ശമ്പള വിതരണ നടപടികളിലേക്ക് കെഎസ്ആർടിസി മാനേജ്മെന്‍റ് കടന്നു. 50 കോടി ഓവർഡ്രാഫ്റ്റ് എടുത്ത് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടർമാർക്കും ഇന്നുതന്നെ ശമ്പളം നൽകാനുള്ള നടപടികൾ തുടങ്ങി. സർക്കാർ സഹായമായി 30 കോടി രൂപ നാളെ തന്നെ കിട്ടുന്ന മുറയ്ക്ക് മറ്റ് ജീവനക്കാർക്കും ശമ്പളം നൽകാനാണ് തീരുമാനം.
