Asianet News MalayalamAsianet News Malayalam

ആനാവൂർ നാഗപ്പൻ സെക്രട്ടറിയായി തുടരും: പ്രശാന്തും ജി.സ്റ്റീഫനും ആര്യയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലില്ല

സംസ്ഥാന തലത്തിൽ ശ്രദ്ധേയരായ ഒരു വിഭാഗം യുവനേതാക്കളെ ഇക്കുറി പരിഗണിക്കാതിരുന്നതും മുൻ എം.പി എ സമ്പത്തിനെ ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കിയതും ശ്രദ്ധേയമായി.

Anavoor Nagappan reelected as CPIM Trivandrum Secretary
Author
Thiruvananthapuram, First Published Jan 16, 2022, 1:46 PM IST

തിരുവനന്തപുരം: പ്രായപരിധി പിന്നിട്ടതിനെ തുടർന്ന മുതിർന്ന നേതാക്കളായ പീരപ്പൻകോട് മുരളിയടക്കമുള്ളവരെ ഒഴിവാക്കി സിപിഎം തിരുവനന്തപുരം (CPIM Trivandrum)  ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചപ്പോൾ യുവാക്കാൾക്ക്കൂടുതൽ പ്രാതിനിധ്യം. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റും നിലവിൽ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറിയുമായ ഷിജു ഖാൻ ജില്ലാ കമ്മിറ്റിയിലേക്ക് എത്തി. ജില്ലാ സെക്രട്ടറിയായി ആനാവൂർ നാഗപ്പനെ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. കെ.എസ്.സുനിൽകുമാർ ,എസ്.പുഷ്പലത ,ഡി.കെ മുരളി ,വി. ജോയ് എന്നിവർ ജില്ലാ സെക്രട്ടറിയേറ്റിൽ പുതിയതായി ഉൾപ്പെടുത്തി.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡൻ്റുമായ കെ.പി.പ്രമോഷ്, എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷൻ ബിനീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജ ബീഗം, കിസാൻ സഭാ ദേശീയ സമിതി അംഗം പ്രീജ, ഏരിയ സെക്രട്ടറി ഡി.കെ.ശശി, ജയദവേൻ, അമ്പിളി എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ എത്തിയ മറ്റുനേതാക്കൾ അതേസമയം.
 
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ യുവാക്കൾക്ക് ഇത്രയും പ്രാതിനിധ്യം കിട്ടുന്നത് സമീപകാലത്ത് ഇതാദ്യമായാണ്. അപ്പോഴും സംസ്ഥാന തലത്തിൽ ശ്രദ്ധേയരായ ഒരു വിഭാഗം യുവനേതാക്കളെ ഇക്കുറി പരിഗണിക്കാതിരുന്നതും മുൻ എം.പി എ സമ്പത്തിനെ ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കിയതും ശ്രദ്ധേയമായി.

ഉപതെരഞ്ഞെടുപ്പിലൂടെ യുഡിഎഫിൻ്റെ സിറ്റിംഗ് സീറ്റായ വട്ടിയൂർക്കാവ് പിടിച്ചെടുക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ആവർത്തിക്കുകയും ചെയ്ത വി.കെ.പ്രശാന്ത് എംഎൽഎ, കെഎസ് ശബരിനാഥിനെ പരാജയപ്പെടുത്തി അരുവിക്കര പിടിച്ചെടുത്ത ജി.സ്റ്റീഫൻ എന്നിവർ ഇക്കുറിയും ജില്ലാ കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെട്ടില്ല. 23-ാം വയസ്സിൽ തിരുവനന്തപുരം മേയർ പദവിയിലെത്തി ചരിത്രം കുറിച്ച മേയർ ആര്യ രാജേന്ദ്രനും ജില്ലാ കമ്മിറ്റി അംഗത്വത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. 

അതേസമയം 46 അംഗ കമ്മിറ്റിയിൽ നിന്നും മുൻ ആറ്റിങ്ങൽ എംപി എ.സമ്പത്തിനെ ഒഴിവാക്കിയത് ശ്രദ്ധേയമായി. നേരത്തെ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സമ്പത്ത് സംഘടനാ രംഗത്ത് നിർജീവമാണ് എന്ന വിമർശനമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ മന്ത്രി കെ.രാധാകൃഷ്ണൻ്റെ പ്രൈവറ്റ് സെക്രട്ടറിയാണ് സമ്പത്ത്. അതേസമയം വി.ശിവൻകുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായ രാമചന്ദ്രൻ നായർ ഇപ്പോഴും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉണ്ട്. 

എസ്.എഫ്.ഐയുടെ മുൻസംസ്ഥാന പ്രസിഡൻ്റായ ഷിജുഖാനൊപ്പം പ്രവർത്തിച്ചിരുന്നവരെല്ലാം ഇതിനോടകം വിവിധ ജില്ലാ കമ്മിറ്റികളിൽ എത്തിയിരുന്നു. തിരുവനന്തപുരത്തെ പാർട്ടി വലിയ പ്രതിരോധത്തിലാക്കിയ ശിശുക്ഷേമസമിതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സമീപകാലത്ത് അരങ്ങേറിയെങ്കിലും അദ്ദേഹത്തെ ഇക്കുറി സിപിഎം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയായിരുന്നു. 

ഷിജുഖാനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിനെ മാധ്യമങ്ങൾക്ക് മുൻപിൽ ആനാവൂർ നാഗപ്പൻ ന്യായീകരിച്ചു. ദത്തെടുക്കൽ വിവാദത്തിൽ ഷിജുഖാൻ എന്തെങ്കിലും തെറ്റു ചെയ്തതായി കണ്ടെത്താൻ പാർട്ടിക്ക് സാധിച്ചിട്ടില്ല. ദത്ത് വിവാദം ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും തെറ്റ് ചെയ്യാതെ ക്രൂശിക്കാൻ അനുവദിക്കില്ലെന്നും നാഗപ്പൻ പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ പ്രധാന യുവനേതാവും ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയുമായി എസ്.പി.ദീപകും ജില്ലാ കമ്മിറ്റിയിൽ എത്തിയിട്ടുണ്ട്.  ശിശുക്ഷേമസമിതിയുടെ മുൻ ജനറൽ സെക്രട്ടറിയായിരുന്ന ദീപകിനെ ശിശുക്ഷേമസമിതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പാർട്ടിയുടെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. പിന്നീട് തിരുത്തൽ നടപടികളുടെ ഭാഗമായി ദീപകിനെ വഞ്ചിയൂർ ഏരിയ കമ്മിറ്റിയിലേക്ക് കൊണ്ടു വന്നിരുന്നു. 

അതേസമയം വിഭാഗീയ കാലത്ത് വി.എസിനൊപ്പം ഉറച്ചു നിന്ന പീരപ്പൻകോട് മുരളി, പുല്ലുവിള സ്റ്റാൻലി, തിരുവല്ലം ശിവരാജൻ എന്നിവരെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. ഇപ്പോൾ അവർ വിഭാഗീയതയുടെ ഭാഗമല്ലെങ്കിലും പ്രായപരിധി പിന്നിട്ടതോടെ ഈ മുതിർന്ന നേതാക്കളെ ഒഴിവാക്കി പകരം യുവാക്കളെ ഉൾപ്പെടുത്തുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios