Asianet News MalayalamAsianet News Malayalam

വട്ടിയൂർക്കാവിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 3 ദിവസത്തിനുള്ളിലെന്ന് സിപിഎം ജില്ലാ സെക്രട്ടറി

പൊരിഞ്ഞ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂര്‍ക്കാവ്. മണ്ഡലം പിടിക്കാനും നിലനിർത്താനും നടക്കുന്നത് സജീവനീക്കങ്ങളാണ്. 

Anavoor Nagappan says that within three days they will proclaim candidate name  in Vattiyoorkavu
Author
Trivandrum, First Published Sep 22, 2019, 1:31 PM IST

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മൂന്നുദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. വട്ടിയൂര്‍ക്കാവില്‍ ഏറെ സ്വീകരനായ ഒരു എൽഡിഎഫ് സ്ഥാനാർത്ഥിയുണ്ടാകും. സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങളും മണ്ഡലത്തിലെ വികസന മുരടിപ്പുമാകും പ്രധാന തെരെഞ്ഞെടുപ്പ് വിഷയങ്ങളെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

പൊരിഞ്ഞ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂര്‍ക്കാവ്. മണ്ഡലം പിടിക്കാനും നിലനിർത്താനും നടക്കുന്നത് സജീവനീക്കങ്ങളാണ്. രണ്ട് തവണ കൈവിട്ട് സീറ്റ് പിടിക്കാൻ അറ്റകൈക്ക് മേയറെ തന്നെ ഇറക്കാന്‍ സിപിഎം ആലോചിക്കുന്നുണ്ട് എന്നാണ് സൂചന. എന്നാൽ മണ്ഡലത്തിലെ ജാതിസമവാക്യവും, പിന്നാലെ വരുന്ന നഗരസഭാ തെരഞ്ഞെടുപ്പും പ്രശാന്തിൻറെ സാധ്യതക്ക് മങ്ങലേൽപ്പിക്കുന്നു. കരകൗശല വികസന കോർപ്പറേഷൻ ചെയർമാനും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ കെഎസ് സുനിൽകുമാറാണ് സിപിഎം പട്ടികയിലെ മറ്റൊരു പ്രധാന പേര്. പരിചയസമ്പന്നരെ പരിഗണിക്കുകയാണെങ്കിൽ മുൻ മന്ത്രി എം വിജയകുമാറിനും സാധ്യതയുണ്ട്. 

2011-ലും 2016-ലും ശക്തമായ ത്രികോണമത്സരം നടന്ന വട്ടിയൂര്‍ക്കാവില്‍ രണ്ടു വട്ടവും വിജയക്കൊടി പാറിച്ചത് കോണ്‍ഗ്രസിന്‍റെ കെ മുരളീധരനാണ്. വടകര എംപിയായി മുരളീധരന്‍ ജയിച്ചു കയറിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പലരും കണ്ണുവച്ചിരിക്കുന്ന സീറ്റ് കൂടിയാണ് വട്ടിയൂര്‍ക്കാവ്. നഗരമണ്ഡലമായ വട്ടിയൂര്‍ക്കാവിലെ രാഷ്ട്രീയസമൂഹിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യനായ നേതാവിനെയാണ് മൂന്ന് മുന്നണികളും തേടുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ കെ.മുരളീധരന്‍റെ അഭിപ്രായവും നിര്‍ണായകമാവും. 

വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പിനായി വളരെ മുന്‍പ് തന്നെ തയ്യാറെടുപ്പുകള്‍ ആരംഭിച്ച ബിജെപിയുടെ മണ്ഡലം-ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പട്ടികയിലെ ആദ്യത്തെ പേര് കുമ്മനം രാജശേഖരന്‍റേതാണ്. കുമ്മനം രാജശേഖരൻ മത്സരിക്കണമെന്ന കാര്യം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് ബിജെപി ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios