തെരഞ്ഞെടുപ്പ് ഗോദയില്‍ നവാഗതനായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും റിയാലിറ്റി ഷോ താരവും ബിസിനസുകാരനുമായ പ്രോമി കുര്യാക്കോസ് ആണ് എൻഡിഎ സ്ഥാനാർഥി. പ്രോമിയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം. 

ഇത്തവണ ശക്തമായ പോരാട്ടത്തിന് വേദിയാകുന്ന മണ്ഡലമാണ് അങ്കമാലി. സിറ്റിങ് എംഎൽഎ റോജി എം ജോൺ യുഡിഎഫ്‌ സ്ഥാനാർഥിയായി മത്സരിക്കുന്ന അങ്കമാലി പിടിച്ചെടുക്കാന്‍ എൽഡിഎഫ്‌ രംഗത്തിറക്കിയിരിക്കുന്നത് ശക്തനായ സാജു പോളിനെയാണ്. തെരഞ്ഞെടുപ്പ് ഗോദയില്‍ നവാഗതനായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും റിയാലിറ്റി ഷോ താരവും ബിസിനസുകാരനുമായ പ്രോമി കുര്യാക്കോസ് ആണ് എൻഡിഎ സ്ഥാനാർഥി. അങ്കമാലിക്കാരന്‍ കൂടിയായ പ്രോമി അടുത്തിടെയാണ് ട്വിന്‍റി 20യില്‍ ചേര്‍ന്നത്.

തുടർച്ചയായി പത്ത് വര്‍ഷം മണ്ഡലത്തെ പ്രതിനിധാനം ചെയ്‌തിട്ടും റോജി എം ജോണിന് എംഎൽഎ എന്ന നിലയിൽ അവകാശപ്പെടാവുന്ന നേട്ടമൊന്നും ഉണ്ടായിട്ടില്ല എന്നാണ് പ്രോമി കുര്യാക്കോസ് അഭിപ്രായപ്പെടുന്നത്. പ്രോമിയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

ട്വന്‍റി 20യിലേക്ക് ആകർഷിച്ച ഘടകങ്ങൾ

ട്വന്‍റി 20യിൽ കഴിഞ്ഞ രണ്ട്, മൂന്ന് മാസമായിട്ട് ഞാൻ അംഗമാണ്. പിന്നെ കഴിഞ്ഞ കുറേ നാളുകളായിട്ട് ഞാന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു പാർട്ടിയാണ് ട്വന്‍റി 20. അപ്പോള്‍ ഇങ്ങനെ ഒരു അവസരം വന്നപ്പോള്‍ ഞാന്‍ സമ്മതം പറയുകയായിരുന്നു. ട്വന്‍റി 20യുടെ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ആകര്‍ഷിച്ച ഘടകം. എറണാകുളം ജില്ലയിലെ കുന്നത്തുനാട് നിയോജക മണ്ഡലത്തിലുൾപ്പെടുന്ന കിഴക്കമ്പലം പഞ്ചായത്തിൽ തുടങ്ങിയ രാഷ്ട്രീയ പരീക്ഷണമാണ് ട്വന്‍റി 20. ട്വന്റി 20 സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബിന്‍റെ വീക്ഷണങ്ങളാണ് കിഴക്കമ്പലം കണ്ടത്. ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് അടക്കം പല പദ്ധതികളും അദ്ദേഹം അവിടെ കൊണ്ടുവന്നു. അത്തരം ഒരു വികസനം എന്‍റെ നാടായ അങ്കമാലിയില്‍ കൊണ്ടുവരാൻ പറ്റില്ലേ നമുക്ക് എന്ന ചിന്തയില്‍ നിന്നാണ് മത്സരിക്കാം എന്ന് തീരുമാനിക്കുന്നത്. കൂടാതെ ഇപ്പോള്‍ എന്‍ഡിഎയുടെ ഘടകകക്ഷി കൂടിയാണല്ലോ ട്വന്‍റി 20. അപ്പോള്‍ ആ തരത്തിലും വികസനങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

മത്സരിക്കാം എന്ന തീരുമാനിച്ച സാഹചര്യം...

നിയമസഭാ തെരഞ്ഞെടുപ്പിലൊക്കെ മത്സരിക്കാൻ അവസരം കിട്ടുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. എപ്പോഴും ഇങ്ങനെയുള്ള അവസരങ്ങള്‍ കിട്ടണമെന്നില്ല. പ്രത്യേകിച്ച്, എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയാവുക എന്നത് എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല. സീറ്റിന് വേണ്ടി പല മുന്നണികളിലും അടി നടക്കുന്ന കാലത്ത് ഇങ്ങോട്ട് വന്ന അവസരത്തെ പരമാവധി ഉപയോഗിക്കണം എന്നാണ് എനിക്ക് തോന്നിയത്. ഭാര്യ നിതയും ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്.

പഠിക്കുന്ന കാലത്ത് കെ.എസ്.യു പ്രവര്‍ത്തനകന്‍

കോളേജില്‍ പഠിക്കുന്ന കാലത്ത് കെ.എസ്.യു പ്രവര്‍ത്തനകനായിരുന്നു. പിന്നീട് പഠനം കഴിഞ്ഞ് ബിസിനസിലേക്ക് ഇറങ്ങി. പിന്നെ നമ്മുടെ നയങ്ങളുമായിട്ട് ഒത്തുപോകാൻ പറ്റുന്നില്ലെങ്കിൽ മാറി ചിന്തിക്കുക തന്നെ വേണം. രാഷ്ട്രീയപരമായി അല്ലെങ്കിലും നാട്ടിലെ പ്രശ്നങ്ങളില്‍ നിരന്തരം ഇടപ്പെടുന്ന ആളാണ് ഞാന്‍. ഇവിടെ മെർച്ചന്റ്സ് അസോസിയേഷനിൽ മെമ്പറാണ് ഞാന്‍. അത്തരം പ്രവര്‍ത്തനങ്ങളിലൊക്കെ സജ്ജീവമാണ്. പിന്നെ ട്വന്‍റി 20യുടെ കാര്യം പറഞ്ഞ പോലെ എന്‍ഡിഎയുടെ വികസനമാണ് ഞാന്‍ നോക്കി കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങളില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ല. ഇന്ത്യ ഭരിക്കുന്ന ഒരു മുന്നണിക്കൊപ്പം നില്‍ക്കുമ്പോള്‍ നമ്മുടെ ശക്തി കൂടുമല്ലോ.

അങ്കമാലി എന്‍റെ നാടാണ്

അങ്കമാലി ഞാന്‍ ജനിച്ച് വളര്‍ന്ന, ഇപ്പോഴും താമസിക്കുന്ന എന്‍റെ സ്വന്തം നാടാണ്. എന്‍റെ കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഇവിടെ തന്നെയാണ്. ഒമ്പത് മക്കളിൽ ഒമ്പതാമത്തെയാളാണ് ഞാന്‍. മത്സരിക്കാന്‍ ഇറങ്ങിയതില്‍ ബന്ധുക്കളില്‍ ചിലര്‍ക്ക് എതിർപ്പുണ്ട്. എന്തുകൊണ്ട് നീ ബിജെപിയിലേക്ക് പോയി എന്നുള്ളതാണ് ചോദ്യം. ഞാൻ ബിജെപിയിലേക്ക് അല്ല പോയത്, ട്വിറ്റി 20യിലേക്കാണ്. ഞാന്‍ പ്രധാനമായി നോക്കുന്നത് വികസന മുന്നേറ്റമാണ്. എൻഡിഎയുടെ ഇത്തവണത്തെ ടാഗ് ലൈൻ തന്നെ മാറാത്തത് ഇനി മാറും എന്നുള്ളതാണ്. അപ്പോള്‍ അങ്കമാലിയുടെ കാര്യത്തിലും മാറാത്തത് മാറണം. സാധാരണക്കാരുടെ ഇടയിലേക്ക് വികസനം വരണം.

റോജി എം ജോൺ, സാജു പോള്‍ എന്നിവര്‍ തമ്മിലാണോ മത്സരം?

ഞാനിപ്പോൾ ത്രികോണ മത്സരം ആണെന്ന് പറഞ്ഞാലും അത് അംഗികരീക്കാന്‍ ബുദ്ധിമുട്ടുള്ളവരുണ്ടാകും. ഞാൻ എനിക്ക് കിട്ടിയിരിക്കുന്ന ഉത്തരവാദിത്വം പരമാവധി പ്രയോജനപ്പെടുത്തുന്നു. റിസൾട്ട് തരേണ്ടത് ജനങ്ങളാണ്. പിന്നെ റോജി എം ജോൺ എന്‍റെ സുഹൃത്ത് കൂടിയാണ്. കഴിഞ്ഞ പത്ത് വർഷമായി റോജിയാണ് ഇവിടത്തെ എംഎല്‍എ. ഞാന്‍ റോജിയെ വ്യക്തിപരമായി പറയാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ 10 വർഷം കൊണ്ട് അങ്കമാലിയുടെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാമായിരുന്നു. എന്നാല്‍ അങ്കമാലി ഒട്ടും വികസനം വന്നിട്ടില്ലാത്ത സ്ഥലമായി മാറിപോയി.

അങ്കമാലി വോട്ടര്‍മാരുടെ പ്രധാനപ്പെട്ട പ്രശ്നങ്ങള്‍?

അങ്കമാലിയിൽ ഒരു ബൈപ്പാസ് വരുമെന്ന് ഞാൻ എന്‍റെ ഓർമ്മ വെച്ച കാലം മുതല്‍ കേൾക്കുന്നതാണ്. ഇതുവരെ അത് ഉണ്ടായിട്ടില്ല. വ്യാപാരികളാണ് അതിനെതിരെ നിൽക്കുന്നത് എന്നുള്ള കള്ള പ്രചരണമാണ് നടത്തുന്നത്. ഞാനൊരു വ്യാപാരിയാണ്. സത്യത്തിൽ ഞങ്ങൾ വ്യാപാരികളാണ് ഏറ്റവും കൂടുതൽ ഇതുകൊണ്ട് വിഷമിക്കുന്നത്. ഒരു വലിയ വണ്ടി വന്ന് നിർത്തി കടയിൽ സാധനം ഇറക്കാന്‍ പറ്റില്ല, ഫുൾ ടൈം ബ്ലോക്കാണ്. അങ്കമാലിയിൽ ഒരു ബൈപ്പാസ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ഒന്നാമത്തെ കാര്യം ഗതാഗത ഗുരുക്കാണ്. അതിന് ഒരു നടപടിയും ഉണ്ടാക്കിയിട്ടില്ല. രണ്ടാമത്തെ കാര്യം ഇവിടുത്തെ വ്യവസായിക മേഖലകള്‍, വ്യവസായിക മേഖലകളില്‍ ഒരു പുരോഗതിയും ഇന്നേവരെ ഉണ്ടായിട്ടില്ല. മൂന്നാമത് നമ്മുടെ ടൂറിസം, പിലിഗ്രിം ടൂറിസം എന്ന് തന്നെ പറയാം. നമ്മുടെ ആദി ശങ്കരൻ ജനിച്ച സ്ഥലം, വിശുദ്ധ തോമസിന്‍റെ പാദസ്പർശമേറ്റ സ്ഥലം തുടങ്ങിയ പ്രത്യേകതകള്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. അങ്കമാലി ഒരു 20 കൊല്ലം മുമ്പ് എവിടെയാണോ നിൽക്കുന്നത് അവിടെ തന്നെ ഇപ്പോഴും നിൽക്കുകയാണ്. അങ്കമാലിയിൽ ഒരു ടൗൺ ഹോൾ ഇല്ല, കെഎസ്ആർടിസി സ്റ്റാൻഡില്‍ പൊതു ടോയ്ലറ്റ് ഇല്ല. കാലടി പാലത്തിന്‍റെ പണി തുടങ്ങിയിട്ടായി അഞ്ചോ പത്തോ കൊല്ലമായി. ഇപ്പോഴും പണി ഒച്ച് നീങ്ങുന്ന പോലെ നീങ്ങുകയാണ്. നമ്മുടെ യുവാക്കൾ ഇവിടെ നിൽക്കാത്തതിന്‍റെ പ്രധാനപ്പെട്ട കാര്യവും ഇതൊക്കെ തന്നെയാണ്. എല്ലാവരും വിദേശത്തേക്ക് ചേക്കുറുകയാണ്, ആരും നാട്ടില്‍ നില്‍ക്കുന്നില്ല. യുവാക്കളെ ഇവിടെ പിടിച്ചു നിർത്തണം, അത്തരത്തിലൊരു വികസനമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

സെലിബ്രിറ്റി പരിവേഷം വോട്ടായി മാറുമോ?

സെലിബ്രിറ്റി പരിവേഷം കൊണ്ട് മാത്രം വോട്ട് കിട്ടുമെന്ന് കരുതുന്നില്ല. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണ്. അവർക്ക് എല്ലാവർക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്, കാഴ്ചപ്പാടുണ്ട്. അതില്‍ മാറ്റങ്ങള്‍ വരണമെന്ന് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും രാഷ്ട്രീയ രംഗത്ത് തുടരുമോ?

രാഷ്ട്രീയ രംഗത്ത് ഉണ്ടാകും, പക്ഷേ സമരമുഖത്ത് വന്നു നിന്ന് ജയ് വിളിക്കുന്നതും ധീരതയോടെ നെഞ്ച് വിരിച്ച് വെടിയേറ്റ് മരിക്കുന്നതും പഴയ സമര രീതികളാണ്. പ്രതികരിക്കേണ്ട കാര്യങ്ങളില്‍ പ്രതികരിച്ചും, ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ നാടിന് വേണ്ടി ചെയ്തും ഇവിടെ തുടരും.