Asianet News MalayalamAsianet News Malayalam

സംസ്ഥാന പൊലീസ് മേധാവിയായി അനിൽകാന്ത് ചുമതലയേറ്റു; ബാറ്റൺ കൈമാറി

ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് അനിൽ കാന്തിനെ പുതിയ ഡിജിപിയായി നിയമിക്കാന്‍ തീരുമാനിച്ചത്. ലോക്നാഥ് ബെഹ്റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.  

anil kant took charge as new kerala dgp
Author
Thiruvananthapuram, First Published Jun 30, 2021, 5:34 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി അനിൽ കാന്ത് ചുമതലയേറ്റു. ലോക്നാഥ് ബെഹ്റയില്‍ നിന്ന് അനിൽ കാന്ത് ബാറ്റൺ ഏറ്റുവാങ്ങി. പ്രഥമ പരിഗണന സ്ത്രീ സുരക്ഷക്കായിരിക്കുമെന്ന് അനിൽ കാന്ത് പറഞ്ഞു. പൊലീസ് മേധാവിക്ക് രണ്ട് വർഷത്തേക്ക് നിയമനം നൽകണമെന്നാണ് സുപ്രീംകോടതി വിധിയെങ്കിലും അനിൽ കാന്തിൻ്റെ നിയമന ഉത്തരവിൽ കാലാവധി പറയുന്നില്ല. ഏഴ് മാസമാണ് അനിൽകാന്തിന് ഇനി സർവ്വീസ് ബാക്കിയുള്ളത്.

ലോക്നാഥ് ബെഹ്റയിൽ നിന്നും അനിൽ കാന്ത് ചുമതല ഏറ്റെടുത്തു. യുപിഎസ് സി നൽകിയ ചുരുക്കപ്പട്ടികയിൽ നിന്നും സുധേഷ് കുമാറിനെയും ബി സന്ധ്യയെയും തഴഞ്ഞാണ് രാവിലെ ചേർന്ന മന്ത്രിസഭാ യോഗം അനിൽ കാന്തിനെ തെരഞ്ഞെടുത്തത്. സ്ത്രീസുരക്ഷ ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ ആദ്യത്തെ വനിതാ പൊലീസ് മേധാവി എന്ന നിലയിൽ സന്ധ്യയെ തെരഞ്ഞെടുക്കുമെന്നായിരുന്നു ആദ്യ സൂചനകൾ. പക്ഷെ ആ ക്രെഡിറ്റ് വേണ്ടെന്ന് വെക്കാൻ കാരണം സർക്കാറിന് സന്ധ്യയോടുള്ള താല്പര്യക്കുറവ്. ബെഹ്റ അടക്കമുള്ളവർ അനിൽ കാന്തിന് നൽകിയ പിന്തുണയും മുഖ്യമന്ത്രിയുടെ തീരുമാനത്തിന് കാരണമായി. ദാസ്യപ്പണി വിവാദംമൂലം സുധേഷ് കുമാറിൻ്റെ സാധ്യത തുടക്കത്തിലേ ഇല്ലാതാക്കുകയായിരുന്നു. 

പൊലീസ്പ്രീം മേധാവിയായി നിയമിക്കുന്നവർക്ക് രണ്ട് വർഷം കാലാവധി നൽകണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. രണ്ട് വർഷത്തെ കാലാവധിക്ക് മുമ്പ് വിരമിക്കുന്നവർക്ക് സംസ്ഥാന സർക്കാറിന് കാലാവധി നീട്ടി ഉത്തരവിറക്കാം. പക്ഷെ അനിൽകാന്തിൻ്റെ നിയമനഉത്തരവിൽ കാലാവധി പറയുന്നില്ല. ഇനിയും വേണമെങ്കിൽ കാലാവധി നീട്ടി നൽകാമല്ലോ എന്നാണ് സർക്കാർ വിശദീകരണമെങ്കിലും ഏഴ് മാസം കഴിഞ്ഞ് അനിൽകാന്ത് ഒഴിയാനാണ് സാധ്യത. അതേസമയം, അഞ്ച് വർഷം പൊലീസ് മേധാവി സ്ഥാനത്തിരുന്ന ശേഷം പടിയിറങ്ങിയ ലോക്നാഥ് ബെഹ്റക്ക് പ്രത്യേകമായ യാത്രയയപ്പാണ് പൊലീസ് ആസ്ഥാനത്ത് നൽകിയത്. ബെഹ്റയുടെ വാഹനം സഹപ്രവർത്തകർ കെട്ടിവെലിച്ചാണ് പുറത്തേക്ക് കൊണ്ടുപോയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios