Asianet News MalayalamAsianet News Malayalam

വിദ്യാർഥികൾ പടക്കം പൊട്ടിച്ച് ആഘോഷിക്കേണ്ട ദിവസം; രാജാവ് നഗ്നനാണെന്ന് എസ്എഫ്ഐ ഇപ്പോഴെങ്കിലും പറയണമെന്ന് ആൻ

രാജി വെക്കാന്‍ മാത്രമുള്ള ധാർമികത ഈ മന്ത്രിസഭയിൽ ഒരാൾക്കും ഇല്ലെന്ന് ആന്‍ സെബാസ്റ്റ്യന്‍

Ann Sebastian KSU about Supreme Court Verict on Kannur VC Appointment SSM
Author
First Published Nov 30, 2023, 1:31 PM IST

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ പടക്കം പൊട്ടിച്ച് ആഘോഷിക്കേണ്ട ദിവസമാണിതെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ആന്‍ സെബാസ്റ്റ്യന്‍. കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍ നിയമനം റദ്ദാക്കിയതിനെ കുറിച്ചാണ് ആന്‍ സെബാസ്റ്റ്യന്‍റെ പ്രതികരണം. ഉന്നത വിദ്യാഭ്യാസത്തിന്റെ ശവപ്പറമ്പാക്കി കേരളത്തെ മാറ്റാനുള്ള ഇടത് സർക്കാരിന്റെ ആസൂത്രിത നീക്കത്തിനേറ്റ ശക്തമായ തിരിച്ചടിയാണിതെന്ന് ആന്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് യൂണിവേഴ്സിറ്റി നിയമനം തരപ്പെടുത്തി കൊടുത്തതിനുള്ള നന്ദി സൂചകമായിട്ടാണ് ഗോപിനാഥ്‌ രവീന്ദ്രന് വിസിയായി പുനർ നിയമനം നൽകിയതെന്ന് ആന്‍ ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തോട് ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് മാപ്പുപറയുകയെങ്കിലും വേണം. രാജി വെക്കാന്‍ മാത്രമുള്ള ധാർമികത ഈ മന്ത്രിസഭയിൽ ഒരാൾക്കും ഇല്ല. എസ്എഫ്ഐ ഇപ്പോഴെങ്കിലും പിണറായിയുടെ മുഖത്തുനോക്കി രാജാവ് നഗ്നനാണെന്ന് പറയണമെന്നും ആന്‍ സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ പടക്കം പൊട്ടിച്ച് ആഘോഷിക്കേണ്ടുന്ന ദിവസമാണ് ഇന്ന്. കാരണം ഉന്നത വിദ്യാഭ്യാസത്തിന്റെ ശവപ്പറമ്പാക്കി കേരളത്തെ മാറ്റാനുള്ള ഇടത് സർക്കാരിന്റെ ആസൂത്രിത നീക്കത്തിനേറ്റ ശക്തമായ തിരിച്ചടിയാണ് കണ്ണൂർ സർവകലാശാല വിസിയെ പുറത്താക്കിക്കൊണ്ടുള്ള ബഹുമാനപ്പെട്ട സുപ്രീം കോടതി ഉത്തരവ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എം പിയുമായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് യൂണിവേഴ്സിറ്റി നിയമനം തരപ്പെടുത്തികൊടുത്തതിന്റെ നന്ദി സൂചകമായിട്ടാണ് ഗോപിനാഥ്‌ രവീന്ദ്രന് വിസിയായി പുനർ നിയമനം നൽകിയത് എന്ന് മാലോകർക്ക് മുഴുവനുമറിയാം. 

മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമടക്കം യൂണിവേഴ്സിറ്റി ചാൻസിലർ കൂടിയായ ഗവർണർക്ക് കത്ത് നൽകിയത് വഴി ഗവർണറെ സ്വാധീനിക്കാൻ ശ്രമിച്ചു. സ്വതന്ത്രമായി തീരുമാനം എടുക്കേണ്ട ഗവർണർ ബാഹ്യ പ്രേരണയുടെ അടിസ്ഥാനത്തിൽ തീരുമാനം എടുത്തു. ഇവിടെ ഗവർണറും സർക്കാരും ഒരുപോലെ പ്രതിക്കൂട്ടിലാണ്. ഒരല്പം സാമൂഹ്യ പ്രതിബദ്ധത ബാക്കിയുണ്ടെങ്കിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തോട് ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് മാപ്പുപറയുകയെങ്കിലും വേണം. രാജിവെക്കാനും മാത്രമുള്ള ധാർമികത ഈ മന്ത്രിസഭയിൽ ഒരാൾക്കും ഇല്ലെന്ന് പരിപൂർണ ബോധ്യമുണ്ട് മലയാളികൾക്ക്. 

എസ്എഫ്ഐ എന്ന ഫ്യൂസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഇപ്പോഴെങ്കിലും പിണറായി തമ്പുരാന്റെ മുഖത്ത് നോക്കിപറയണം "രാജാവ് നഗ്നനാണ് ". 

ഡോ.ഗോപിനാഥ് രവീന്ദ്രൻ പുറത്ത്; കണ്ണൂര്‍ വിസി പുനര്‍നിയമനം റദ്ദാക്കി, സ‍ര്‍ക്കാരിനും ഗവര്‍ണ‍ര്‍ക്കും വിമര്‍ശനം

 

Latest Videos
Follow Us:
Download App:
  • android
  • ios