കൊച്ചി: കൊച്ചി എളംകുളത്തെ അപകട വളവിൽ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട ബൈക്ക് സ്ലാബിൽ ഇടിച്ച് കയറി തൊടുപുഴ സ്വദേശിയായ 21 കാരൻ മരിച്ചു. ഒരു വർഷത്തിനിടെ 14 പേരാണ് ഈ ഭാഗത്തുണ്ടായ അപടങ്ങളിൽ മരിച്ചത്. നിർമ്മാണത്തിലെ അശാസ്ത്രീതയയും അമിത വേഗവുമാണ് അപകടങ്ങൾക്ക് കാരണമെന്ന് ട്രാഫിക് പൊലീസ് പറയുന്നു.

രാവിലെ ആറ് മണിയോടെയാണ് എളംകുളത്ത് വീണ്ടും അപകടം ഉണ്ടായത്. വൈറ്റിലയിൽ നിന്നുമെത്തിയ ബൈക്കാണ് അപടകത്തിൽപ്പെട്ടത്. മൂന്ന് പേരാണ് ബൈക്കിലുണ്ടായിരുന്നത്.  പിൻസീറ്റിലിരുന്ന തൊടുപുഴ സ്വദേശി സനിൽ സത്യൻ സംഭവ സ്ഥലത്ത് വച്ച് മരിച്ചു. ബൈക്കോടിച്ചിരുന്ന തൊടുപുഴ സ്വദേശി സനൽ സജി ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾ നിസാര പരുക്കുകളോടെ രക്ഷപെട്ടു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് വളവിൽ നിയന്ത്രണം വിട്ട് റോഡരുകിലെ സ്ലാബിൽ ഇടിച്ച് കയറുകയായിരുന്നു. ഒന്നര മാസത്തിനിടെ മാത്രം അഞ്ചാമത്തെ മരണമാണിത്. സാധാരണ അപടകം ഉണ്ടാകാറുള്ള വളവിന് എതി‌ർ ഭാഗത്തായിരുന്നു ഇന്നത്തെ അപകടം.

സ്ഥിരം അപകടം ഉണ്ടാകുന്ന ഭാഗത്ത് റോഡിൽ റിഫ്ലക്ടറുകളും സുരക്ഷാ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഒപ്പം റോഡിന് വീതി കൂട്ടുകയും ചെയ്തു. ശാശ്വത പരിഹാരം കണ്ടെത്താൻ നാറ്റ്പാക്ക് പോലുള്ള ഏജൻസികളെ ഉപയോഗിച്ച് പഠനം നടത്താൻ പൊലീസ് നടപടി തുടങ്ങി. ക്യാമറകൾ സ്ഥാപിക്കാൻ ഫണ്ട് അനുവദിക്കണമെന്ന ട്രാഫിക് പൊലീസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.