Asianet News MalayalamAsianet News Malayalam

Ansi Kabeer| മോഡലുകളുടെ മരണം; സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ച കേസ്, ഹോട്ടൽ ഉടമയും അഞ്ച് ജീവനക്കാരും അറസ്റ്റിൽ

ഹോട്ടൽ 18 ഉടമ റോയി വയലാട്ടിനെയും അഞ്ച് ഹോട്ടൽ ജീവനക്കാരെയുമാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. 

Ansi Kabeer Anjana Shajan accident Hotel 18 owner arrested for sabotaging cctv visuals
Author
Kochi, First Published Nov 17, 2021, 7:02 PM IST

കൊച്ചി: മുൻ മിസ് കേരള ആൻസി കബീർ  (ansi kabeer) അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ച കേസിൽ നിർണ്ണായകമായ ഹാർഡ് ഡിസ്‌ക് (hard disk) നശിപ്പിച്ചതിന് ഹോട്ടൽ ഉടമയടക്കം ആറ് പേരെ അറസ്റ്റ് ചെയ്തു. ഹോട്ടൽ 18 ഉടമ റോയി വയലാട്ടിനെയും അഞ്ച് ഹോട്ടൽ ജീവനക്കാരെയുമാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. 

അൻസിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഹോട്ടലുടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നുണ്ട്. അപകടം നടന്ന രാത്രിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ റോയിയുടെ നിർദേശപ്രകാരം ജീവനക്കാർ നശിപ്പിച്ചെന്ന വിവരം ദുരൂഹത ഇരട്ടിപ്പിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. മകളും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു വാഹനം പിന്തുടർന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയിലുണ്ട്. അപകടത്തെക്കുറിച്ചുള്ള ദുരൂഹത മാറാൻ വിപലുമായ അന്വേഷണം ആവശ്യമാണെന്ന് അൻസി കബീറിൻ്റെ ബന്ധു നിസാം പറഞ്ഞു. അൻസിയുടെ കുടുംബത്തിൻ്റെ പരാതിയിൽ പൊലീസ് ഒരു കേസ് കൂടിയെടുക്കാൻ സാധ്യതയുണ്ട്.

സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന രണ്ട് ഡിവി ആറുകളിൽ ഒന്ന് ഇന്നലെ റോയി ഹാജരാക്കിയിരുന്നു. എന്നാൽ ഇത് കേസുമായി ബന്ധപ്പെട്ടതല്ലായിരുന്നു. അപകടമുണ്ടായ നവംബർ ഒന്നിന് ഹോട്ടലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ പാലാരിവട്ടം സ്റ്റേഷനിൽ പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. അപകടമുണ്ടായതിന് പിന്നാലെ റോയി ഹോട്ടലിൽ എത്തി ഡിവിആർ കൊണ്ടുപോയെന്ന് ജീവനക്കാർ വെളിപ്പെടുത്തിയിരുന്നു. 

യഥാർത്ഥ ഡിവിആർ നൽകിയില്ലെങ്കിൽ റോയിക്ക് എതിരെ തെളിവ് നശിപ്പിച്ചതിന് കേസ് എടുക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.  നവംബർ ഒന്നിന് പുലർച്ചെ ഒരു മണിയോടെ  എറണാകുളം ബൈപ്പാസിൽ  വൈറ്റിലയ്ക്ക് അടുത്തായിരുന്നു അപകടം. ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അൻസിയും അഞ്ജനയും സഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു.

അപകടത്തിൽ കാർ പൂർണ്ണമായി തകർന്നുപോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അൻസി കബീറും, അഞ്ജന ഷാജനും മരിച്ചു. കാറിലുണ്ടായിരുന്ന  മുഹമ്മദ് ആഷിഖിനേയും അബ്ദുൾ റഹ്മാനേയും ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുഹമ്മദ് ആഷിക് പിന്നീട മരണപ്പെട്ടു.  അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരന് നിസ്സാര പരുക്ക് മാത്രമാണ് പറ്റിയത്. 

2019-ൽ നടന്ന മിസ് കേരള മത്സരത്തിലെ വിജയി ആയിരുന്നു തിരുവനന്തപുരം ആലങ്കോട് സ്വദേശി അൻസി കബീർ, ഇതേ മത്സരത്തിലെ റണ്ണർ അപ് ആയിരുന്നു ആയുർവേദ ഡോക്ടർ ആയ തൃശ്ശൂർ ആളൂർ സ്വദേശി  അഞ്ജന  ഷാജൻ, കേരളത്തിലെ മോഡലിംഗ്, സൗന്ദര്യ മത്സരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു  അൻസി കബീറും, അഞ്ജന ഷാജനും. 

Follow Us:
Download App:
  • android
  • ios