കണ്ണൂർ: പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയില്‍ കണ്ണൂരിൽ സിപിഎം പ്രതിരോധത്തിലാകുമ്പോൾ നഗരസഭാധ്യക്ഷയായ പി കെ ശ്യാമളക്കെതിരെ നടപടി വേണമെന്ന് സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മറ്റി യോഗത്തില്‍ ആവശ്യം. ആന്തൂർ നഗരസഭ ചുവപ്പുനാടയിൽ കുരുക്കി പ്രവാസി വ്യവസായിയായ സാജന്‍റെ കൺവെൻഷൻ സെന്‍ററിന് പല തവണ അനുമതി നിഷേധിച്ചിരുന്നു.

ഇതിനെതിരെ സിപിഎം സംസ്ഥാന സമിതിയംഗം എം വി ഗോവിന്ദന്‍റെ ഭാര്യ കൂടിയായ നഗരസഭാധ്യക്ഷ പി കെ ശ്യാമളക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് മാത്രമല്ല, ഇങ്ങനെ പോയാൽ അനുമതി കൊടുക്കില്ലെന്ന മറുപടിയാണ് കിട്ടിയെന്ന് സാജന്‍റെ കുടുംബം ആരോപിച്ചിരുന്നു. 

സാജന്‍റെ വിഷയത്തിൽ പി ജയരാജൻ ഇടപെട്ടിട്ടും, പി കെ ശ്യാമള എതിർ നിലപാടെടുത്തത് ബിജെപിയും കോൺഗ്രസും വലിയ വിവാദമാക്കി. പാർട്ടിയുടെ കീഴ്‍ഘടകങ്ങളിൽപ്പോലും ഇത് ചർച്ചയായി. ഈ സാഹചര്യത്തിലാണ് പ്രശ്നം ചർച്ച ചെയ്യാൻ എം വി ഗോവിന്ദന്‍റെ തന്നെ സാന്നിധ്യത്തിൽ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗം ചേർന്നത്. 

വികാരാധീനയായി ശ്യാമള

രൂക്ഷമായ വാദപ്രതിവാദങ്ങളാണ് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിലുണ്ടായത്. എം വി ഗോവിന്ദൻ പി കെ ശ്യാമളയെ ന്യായീകരിച്ച് യോഗത്തിൽ സംസാരിച്ചില്ല. യോഗത്തിൽ സംസാരിച്ച ശ്യാമളയാകട്ടെ കരച്ചിലിന്‍റെ വക്കോളമെത്തി. വികാരാധീനയായി, വിഷയത്തിൽ അന്തിമതീരുമാനം പാർട്ടി സ്വീകരിക്കട്ടെ എന്ന് പി കെ ശ്യാമള പറഞ്ഞു. ഈ വിഷയം ജില്ലാ കമ്മറ്റിയോഗം ചര്‍ച്ച ചെയ്യുമെന്ന് ഏരിയാ കമ്മിറ്റിയിൽ മുതിർന്ന നേതാക്കൾ ഉറപ്പ് നൽകി. 

അതേസമയം, തലശ്ശേരി എംഎൽഎ ജെയിംസ് മാത്യു യോഗത്തിൽ നിന്ന് വിട്ടു നിന്നത് ശ്രദ്ധേയമായി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും പി ജയരാജനും യോഗത്തിൽ പങ്കെടുത്തു. വിഷയത്തിൽ പാർട്ടി പ്രതിരോധത്തിലായ സ്ഥിതിക്ക് നാളെ സിപിഎം തളിപ്പറമ്പിലെ ധർമശാലയിൽ രാഷ്ട്രീയവിശദീകരണ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വിഷയത്തിൽ പാർട്ടി അംഗങ്ങളോട് വിഷയം സംസാരിക്കാനും സമവായമുണ്ടാക്കാനും ലോക്കൽ കമ്മിറ്റികൾ അടിയന്തരമായി വിളിച്ചു ചേർക്കാനും നിർദേശം നൽകിയിട്ടുണ്ട്. നാളെ നടക്കുന്ന രാഷ്ട്രീയ വിശദീകരണയോഗത്തിൽ എം വി ഗോവിന്ദൻ പങ്കെടുത്തേക്കില്ല. ജനവികാരം കണക്കിലെടുത്ത് അദ്ദേഹത്തെ മാറ്റി നിർത്തും.

വീണ്ടും പാർട്ടി പ്രതിരോധത്തിലാകുമ്പോൾ

സി ഒ ടി നസീർ വിഷയത്തിൽ ആരോപണമുയർന്ന് ദിവസങ്ങൾ പിന്നിടും മുൻപേയാണ് ആന്തൂരിലും സിപിഎമ്മിനുള്ളിലെ വിഭാഗീയത ചർച്ചയാവുന്നത്. പി ജയരാജൻ ഇടപെട്ട പ്രവാസി വ്യവസായിയുടെ വിഷയത്തിൽ പി കെ ശ്യാമള എതിർ നിലപാടെടുത്തത് കോൺഗ്രസും ബിജെപിയും ചർച്ചയാക്കി.

എം വി ഗോവിന്ദൻ മാസ്റ്ററെയും മറികടന്ന് പി ജയരാജനിടപെട്ട് സാജന് അനുകൂലമായി ആദ്യഘട്ടത്തിൽ തീരുമാനം വന്നതിൽ മറുപക്ഷത്തിന് അതൃപ്തിയുണ്ടായിരുന്നു. ഇത് പദ്ധതിയെ തന്നെ ബാധിച്ചുവെന്നാണ് ആക്ഷേപം. ഇതേ ആന്തൂർ നഗരസഭയിലാണ് ഉഡുപ്പക്കുന്നിൽ ഇ പി ജയരാജന്‍റെ മകന് പങ്കാളിത്തമുള്ള ആയുർവേദ റിസോർട്ട് കുന്നിടിച്ച് നിർമ്മാണം നടക്കുന്നത്. 

പാർട്ടിയുമായി അടുത്ത ബന്ധം നിലനിർത്തിയ സാജന്‍റെ ആത്മഹത്യയോടെ രണ്ടുനീതിയെന്ന തരത്തിൽ നഗരസഭക്കെതിരെ സിപിഎം ഗ്രൂപ്പുകളിൽപ്പോലും എതിർപ്പ് രൂക്ഷമാണ്. സംഭവം പാർട്ടി കേന്ദ്രങ്ങളിൽ പോലും ചർച്ചയാകുന്ന സാഹചര്യത്തിലാണ് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗം അടിയന്തരമായി വിളിച്ചു ചേർത്തു. നഗരസഭാധ്യക്ഷക്കെതിരെ എതിർപ്പ് താഴെത്തട്ടിൽ വരെ രൂക്ഷമാണ്. ആന്തൂർ നഗരസഭയിലെ സമാനമായ പദ്ധതികൾക്ക് നേരിട്ട തടസ്സങ്ങൾ വ്യക്തമാക്കി കൂടുതൽ പേർ രംഗത്ത് വരാനാണ് സാധ്യത.

15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്‌ പ്രവര്‍ത്താനുമതി നല്‍കാത്തതില്‍ മനംനൊന്താണ്‌ പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്‌തത്‌. നൈജീരിയയില്‍  ജോലി ചെയ്ത് മൂന്ന് വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത്  സാജൻ ഓഡിറ്റോറിയം നിർമ്മാണം തുടങ്ങിയത്. 

തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ മനംനൊന്താണ്‌ പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ വ്യാഴാഴ്ച സസ്പെന്‍റ് ചെയ്തിരുന്നു.