തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി യൂത്ത് ലീഗിന്റെ ജനറൽ പോസ്റ്റ് ഓഫീസ് ഉപരോധ സമരം ആരംഭിച്ചു. തിരുവനന്തപുരത്ത് ഇടി മുഹമ്മദ് ബഷീറും, കോഴിക്കോട് എംകെ മുനീറും മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയുമാണ് ഉപരോധ സമരത്തിന് നേതൃത്വം നൽകിയത്.

ഭരണഘടനയെ സംരക്ഷിക്കാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ടെന്നും എന്നാൽ അദ്ദേഹം അത് നിറവേറ്റുന്നില്ലെന്നും ഇടി മുഹമ്മദ് ബഷീർ വിമർശിച്ചു. ജനുവരി 26 ന് ഇടതുമുന്നണി നടത്തുന്ന മനുഷ്യച്ചങ്ങല സമരത്തിൽ മുസ്ലീം ലീഗ് പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ യോജിക്കാവുന്ന സമരത്തിൽ യോജിക്കണമെന്നാണ് പാർട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ഭരണഘടനയിൽ വെള്ളം ചേർക്കാൻ ശ്രമിച്ചിട്ട് ആരും പേടിക്കേണ്ടതില്ലെന്ന് മോദി പറയുന്നു. മോദി ഇന്ത്യയുടെ യജമാനൻ അല്ലെന്നും പികെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു. അദ്ദേഹം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോഴിക്കോട് എംകെ മുനീറും സമരത്തിന് നേതൃത്വം നൽകി.