Asianet News MalayalamAsianet News Malayalam

Adoption Row | 'തന്‍റെ കുഞ്ഞിന്‍റെ സാമ്പിൾ തന്നെയാണോ എടുത്തതെന്ന് ഉറപ്പില്ലെ'ന്ന് അനുപമ

നിർമ്മലാ ശിശുഭവനിൽ വനിതാശിശുക്ഷേമവകുപ്പിന്‍റെ സംരക്ഷണയിലാണ് കുഞ്ഞിപ്പോൾ. ഡിഎൻഎ പരിശോധനാഫലം വന്ന ശേഷം, കോടതിയുടെ നിർദേശപ്രകാരം മാത്രമേ കുഞ്ഞിനെ അനുപമയ്ക്ക് കാണാനോ, കൈമാറാനോ കഴിയൂ എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. 

Anupama Missing Child DNA Samples Of Parents Will Be Collected Today
Author
Thiruvananthapuram, First Published Nov 22, 2021, 1:14 PM IST

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ നിർണ്ണായകമായ ഡിഎൻഎ പരിശോധനക്കുള്ള നടപടികൾ തുടങ്ങി. കുഞ്ഞിന്‍റെ ഡിഎൻഎ സാമ്പിള്‍ നിർമ്മലാ ശിശു ഭവനിലെത്തി അധികൃതർ ശേഖരിച്ചതായി അറിയിച്ചു. അനുപമയോടും അജിത്തിനോടും സാമ്പിള്‍ നൽകാൻ നിർദ്ദേശം നൽകി. അതനുസരിച്ച് ഉച്ചയ്ക്ക് 2.30-ഓടെ അജിത്തും അനുപമയും രാജീവ് ഗാന്ധി സെന്‍റർ ഓഫ് ബയോടെക്നോളജിയിലെത്തി സാമ്പിൾ നൽകി. തന്‍റെ കുഞ്ഞിന്‍റെ സാമ്പിൾ തന്നെയാണോ എടുത്തതെന്ന് ഉറപ്പില്ലെന്നും അട്ടിമറിയുണ്ടെന്ന് സംശയമുണ്ടെന്നും അനുപമ സാമ്പിൾ നൽകിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ആന്ധ്രയിൽ നിന്ന് കുഞ്ഞ് എത്തിയ ശേഷം വളരെ വേഗമാണ് തുടർനടപടി ക്രമങ്ങൾ നടക്കുന്നത്. താത്കാലിക സംരക്ഷണത്തിന് ചുമതലപ്പെടുത്തിയ നിർമ്മലാ ശിശു ഭവനിൽ എത്തി കുഞ്ഞിനെ കാണണമെന്ന് ഡിഎൻഎ പരിശോധനക്ക് മുമ്പും അനുപമ ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ കുഞ്ഞിനെ കാണാനാകില്ലെന്നാണ് വനിതാ ശിശുക്ഷേമവകുപ്പിന്‍റെ നിലപാട്. 

കുഞ്ഞിന്‍റെ സാമ്പിൾ എടുത്തതിന് ശേഷം അടുത്ത നടപടി അനുപമയുടെയും അജിത്തിന്‍റെയും സാമ്പിൾ ശേഖരണമായിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പരിശോധനാഫലം വരുമെന്നാണ് പ്രതീക്ഷ. ഫലം പൊസിറ്റീവായാൽ നിയമോപദേശം തേടിയ ശേഷം ശിശുക്ഷേമസമിതി തുടർനടപടികൾ എടുക്കും.

ശിശുക്ഷേമസമിതിക്ക് അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ പരിശോധന നടന്നുവരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. വനിതാശിശുക്ഷേമ ഡയറക്ടർ ടി വി അനുപമ ഇക്കാര്യത്തിൽ നടത്തുന്ന അന്വേഷണം പൂർത്തിയായി എന്നാണ് മനസ്സിലാക്കുന്നത്. ഡിഎൻഎ പരിശോധന നടത്താൻ ഉത്തരവ് വന്ന ശേഷം വളരെ വേഗത്തിൽത്തന്നെയാണ് എല്ലാ നടപടികളും പൂർത്തിയാക്കിയത്. എല്ലാ കാലതാമസവും ഒഴിവാക്കാൻ ഇടപെട്ടു. എല്ലാ നടപടികളും വീഡിയോ ആയി പകർത്തിയിട്ടുണ്ട്. ആരോപണങ്ങൾ ഇനി ഉയരാതിരിക്കാനാണ് ഇത്. കുഞ്ഞിന്‍റെ ഡിഎൻഎ പരിശോധന ആന്ധ്രയിൽവച്ച് തന്നെ നടത്താമായിരുന്നു. എന്നാലിത് ഒഴിവാക്കി കേരളത്തിലേക്ക് കുഞ്ഞിനെ കൊണ്ടുവന്ന് ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചത് സുതാര്യത ഉറപ്പാക്കാനാണ്. 

അനുപമയ്ക്ക് കുഞ്ഞിനെ കാണാൻ ഇപ്പോഴനുമതി നൽകാനാകില്ലെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ നിയമവശം പരിശോധിച്ച് വരികയാണ്. നിയമപരമായി നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതി വഴി മാത്രമേ കുഞ്ഞിനെ കൈമാറാനാകൂ. ഇക്കാര്യത്തിൽ നിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ അത് ചെയ്യാനാണ് നൽകിയിരിക്കുന്ന നിർദേശം. അനുപമയ്ക്ക് കുഞ്ഞിനെക്കാണാൻ നിയമപരമായ സാധ്യതയുണ്ടെങ്കിൽ അത് വേണമെന്നാണ് നിലപാടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

നടന്നത് സർവത്ര വീഴ്ച

കുഞ്ഞിനെത്തേടി അമ്മ വന്നിട്ടും ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും ഒന്നും ചെയ്തില്ലെന്ന് തെളിയിക്കുന്ന മൊഴികള്‍ വകുപ്പ് തല അന്വേഷണത്തില്‍ നിര്‍ണായകമായേക്കും. കു‍ഞ്ഞ് ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് അനുപമയുടെ പരാതി കിട്ടി സിറ്റിംഗ് നടത്തിയിട്ടും പോലീസിനെ അറിയിക്കാത്ത ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സന്‍റെ നടപടിയും ഗുരുതര വീഴ്ചയാണ്. 

അനുപമയുടെ കുഞ്ഞിന്‍റെ ദത്ത് നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും ഇടപെട്ടില്ലെന്നതിന്‍റെ തെളിവുകളും മൊഴികളും അന്വേഷണത്തിന്‍റെ അദ്യഘട്ടത്തില്‍ തന്നെ കിട്ടിയിരുന്നു. കുഞ്ഞ് ദത്ത് പോകുന്നതിന് മുമ്പ് തന്നെ അനുപമ കുഞ്ഞിനെത്തേടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്പാകെ പരാതിയുമായി എത്തിയതിനും തെളിവുകളുണ്ട്. ഏപ്രിലിൽ 22-ാം തീയതി സിറ്റിംഗ് നടത്തിയത് ഏഷ്യാനെറ്റ് ന്യൂസ് തന്നെ തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ആ സമയത്ത് ഇടപെട്ടിരുന്നുവെങ്കില്‍ ദത്ത് തടയാമായിരുന്നു എന്നും അനുപമ അടക്കം നിരവധി പേര്‍ മൊഴി നല്‍കിയിട്ടുണ്ട്.

അനുപമയുടെ പരാതി കേട്ടിട്ടും പോലീസില്‍ വിവരമറിയിക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തയ്യാറായില്ല എന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എന്‍ സുനന്ദ തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.

കുട്ടികളെ കാണാതായ കേസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ പരിധിയില്‍ വരും എന്നിരിക്കെ പോലീസില്‍ പരാതി കൊടുത്തിരുന്നെങ്കില്‍ പോലീസിന് റിപ്പോര്‍ട്ട് കൊടുക്കേണ്ടി വന്നേനെ. ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതര വീഴ്ചകള്‍ തെളിയിക്കാനുള്ള മൊഴികളും രേഖകളും കിട്ടിയിരുന്നു.

ദത്ത് പോയതിന് ശേഷം നാലാം ദിവസം അനുപമ വീണ്ടും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലെത്തിയിരുന്നു. അതേ ദിവസം ശിശുക്ഷേമ സമിതിയിലും എത്തി. എന്നിട്ടും അനങ്ങിയില്ല. ഒക്ടോബര്‍ 14-ന് സംഭവം ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് ശേഷവും ഒക്ടോബര്‍ 16-ന് കുടുംബകോടതിയില്‍ നടന്ന സിറ്റിംഗിൽ ശിശുക്ഷേമ സമിതി ഇടപെടാത്തതും വീഴ്ചയ്ക്ക് തെളിവാണ്. അനുപമയുടെ ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞാക്കി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതും നേരത്തെ തന്നെ വിവാദമായിരുന്നു. 

Follow Us:
Download App:
  • android
  • ios